സൌത്ത് കരോളിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു
Wednesday, January 7, 2015 7:40 AM IST
സൌത്ത് കരോളിന: സൌത്ത് കരോളിന മിര്‍ട്ടിന്‍ ബീച്ച് ടൌണിലുള്ള ഗ്യാസ് സ്റേഷന്‍ ഉടമ ആന്ധ്രാ സ്വദേശി ബാലഗോപാല്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു.

ജനുവരി രണ്ടിനാണ് സംഭവം. കറുത്ത വര്‍ഗക്കാരനായ ഒരു യുവാവ് രാവിലെ ഒമ്പതോടെ കണ്‍വീനിയന്റ് സ്റോറില്‍ കടന്നുവന്ന് ബാലഗോപാലിനുനേരെ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന പണം നല്‍കി ഓഫീസിനകത്തേയ്ക്ക് കയറിയ ബാലഗോപാലിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ബാലഗോപാല്‍ മരിച്ചു. കാഷ് കൌണ്ടറില്‍നിന്നും മുഴുവന്‍ തുകയും കൈക്കലാക്കിയാണ് അക്രമി സ്ഥലം വിട്ടത്.

എന്‍ജിനിയറിംഗ് ബിരുദധാരിയായ ബാലഗോപാല്‍ ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍നിന്നും 2001 ലാണ് അമേരിക്കയില്‍ എത്തി ഗ്യാസ് സ്റേഷന്‍ ആരംഭിച്ചത്.

ഡാളസിലുള്ള ബന്ധുക്കളാണ് ബാലഗോപാലിന്റെ മരണം ആന്ധ്രയിലുള്ള മാതാപിതാക്കളെ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍