റവ. ഡോ. ഒലാവ് ഫിക്സെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു
Thursday, December 11, 2014 5:46 AM IST
ന്യൂജേഴ്സി: ആഗതമാകുന്ന ക്രിസ്മസിന്റെ ശാന്തിയും പ്രത്യാശയും സര്‍വശക്തനായ ദൈവത്തിന്റെയും പരിശുദ്ധ ത്രീത്വത്തിന്റെയും നാമത്തില്‍ എല്ലാ കുടുംബങ്ങളിലും സമൂഹങ്ങളിലും വീടുകളില്‍ നിന്നകന്ന് വിദൂരസ്ഥലങ്ങളിലായിരിക്കുന്ന സഹോദരങ്ങളിലും പ്രതീക്ഷയും സമാധാനവും നിറയ്ക്കട്ടെയെന്ന് വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലാവ് ഫിക്സെ ആശംസിച്ചു.

ദൈവത്തിന്റെ സ്നേഹത്തോടെയുള്ള പദ്ധതികളിലേക്ക് നാം ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത്. "ഉണര്‍ന്ന് പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.'' (ഏശയ്യ 60:1). ഇരുട്ടിന്റെ വഴികളില്‍ നിന്ന് ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിറവേറലിലേക്ക് ദൈവം തന്റെ ജനതയെ നയിക്കുന്നു എന്ന പ്രതീക്ഷയാണ് ഈ ക്രിസ്മസ് സീസണ്‍ നമ്മില്‍ നിറയ്ക്കേണ്ടതെന്ന് റവ. ഒലാവ് ആശംസിച്ചു.

1948ല്‍ ആരംഭിച്ച ഡബ്ള്യുസിസി 2013ലെ കണക്കുപ്രകാരം 110ഓളം രാജ്യങ്ങളിലെ പ്രോട്ടസ്റന്റ്, ഓര്‍ത്തഡോക്സ്, ആംഗ്ളിക്കന്‍ തുടങ്ങി 345 അംഗസഭകളിലെ 500 മില്യന്‍ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു. കത്തോലിക്കാ സഭയുമായി സഹകരിച്ചാണ് ഡബ്ള്യുസിസിയുടെ പ്രവര്‍ത്തനം.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍