സര്‍ക്കാര്‍ സൈറ്റുകളില്‍ വീണ്ടും ഹാക്കര്‍മാരുടെ വിളയാട്ടം
Tuesday, November 25, 2014 8:33 AM IST
ബംഗളൂരു: സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വീണ്ടും ഹാക്കര്‍മാരുടെ വിളയാട്ടം. എച്ച്എഎല്‍ കമ്പനിയാണ് ഇത്തവണ ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായത്. കമ്പനിയുടെ ജി-മെയില്‍ അക്കൌണ്ട് പിടിച്ചെടുത്ത ഹാക്കര്‍മാര്‍ കമ്പനിയുടെ പേരില്‍ നിരവധി ഇ-മെയിലുകള്‍ അയച്ചു. 'ഈ ലേഖനം വായിച്ചുനോക്കുക'എന്നസന്ദേശത്തോടൊപ്പം ഒരു ലിങ്കുമാണ് കമ്പനിയുടെ പേരില്‍ നിരവധി പേര്‍ക്ക് ലഭിച്ചത്. എച്ച്എഎല്ലുമായി സ്ഥിരം ബന്ധപ്പെടുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും ഇ-മെയില്‍ ലഭിച്ചു. കനത്ത വെബ്സുരക്ഷയുള്ള ഓഫീസുകളില്‍ ഈ ലിങ്ക് തുറക്കാനാകാതെ വന്നപ്പോഴാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ അന്വേഷണം നടത്തി. വെബ്സൈറ്റില്‍നിന്നും ഒന്നുംതന്നെ ചോര്‍ന്നിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ഗൂഗിള്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ച ശേഷം പാസ്വേഡ് മാറ്റിയതായും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം എച്ച്എഎല്ലിന്റെ തന്നെ ഹെലികോപ്ടര്‍ അക്കാഡമിയുടെ (ഹാറ്റ്സ്ഓഫ്) ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പാക് അനുകൂല മുദ്രാവാക്യങ്ങളാണ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, തന്ത്രപ്രധാനമായ രേഖകളൊന്നുംതന്നെ നഷ്ടമായിട്ടില്ലെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇലക്്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്സൈറ്റ് ഫ്രോസണ്‍മിസ്റ്റ് എന്ന പേരിലുള്ള ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെയും ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെയും ചില പ്രധാന രേഖകള്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തു.

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആയിരത്തിലധികം സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റും ഇതിലുള്‍പ്പെടുന്നു. 2010ല്‍ 303 ഉം 2011 ല്‍ 308 ഉം 2012 ല്‍ 371 ഉം 2013 ഏപ്രില്‍ വരെ 48 ഉം സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായതെന്നും കണക്കുകള്‍ പറയുന്നു.