മലബാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ശാന്തിനഗര്‍, കലാസിപാളയം സ്റാന്‍ഡുകളിലെത്തും
Tuesday, November 25, 2014 8:32 AM IST
ബംഗളൂരു: നഗരത്തിലെ മലബാര്‍ യാത്രക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നം സഫലമായി. മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ കലാസിപാളയം, ശാന്തിനഗര്‍ ബസ്സ്റാന്‍ഡുകളിലെത്തും. നിലവില്‍ മലബാര്‍ ഭാഗത്തേക്കുള്ളബസുകള്‍സാറ്റലൈറ്റ് ബസ് സ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. നേരത്തെ, ശാന്തിനഗര്‍, കലാസിപാളയം ബസ് സ്റാന്‍ഡുകളില്‍ കെഎസ്ആര്‍ടിസി ബുക്കിംഗ്കൌണ്ടറുകള്‍ ആരംഭിച്ചിരുന്നു. കൌണ്ടറുകള്‍ ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും കേരള ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.

ആദ്യഘട്ടത്തില്‍ ശാന്തിനഗറില്‍നിന്നും കലാസിപാളയത്തുനിന്നും എട്ടു സര്‍വീസുകള്‍ വീതമാണ് ആരംഭിക്കുന്നത്. ഇവ സാറ്റലൈറ്റ് സ്റാന്‍ഡിലുമെത്തുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, പൊന്നാനി, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത്.

ശാന്തിനഗര്‍, കലാസിപാളയം ബസ് സ്റാന്‍ഡുകളില്‍ നിന്ന് 30 മുതല്‍ 45 മിനിറ്റു വരെ നേരത്തെ പുറപ്പെടുന്നബസുകള്‍ സാറ്റലൈറ്റ് സ്റാന്‍ഡിലെത്തിയ ശേഷം പഴയ സമയത്തു തന്നെയായിരിക്കും യാത്ര തുടരുക. ശാന്തിനഗറില്‍നിന്നു രാത്രി 10.45 വരെയും കലാസിപാളയത്തുനിന്നു രാത്രി 10.15 വരെയും ബസ് സര്‍വീസ് ഉണ്ടായിരിക്കും.

ശാന്തിനഗര്‍ ബസ് സ്റാന്‍ഡില്‍നിന്നും പുറപ്പെടുന്ന ബസുകളുടെ സമയക്രമം: കണ്ണൂരിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് രാവിലെ 8.30 നും കോഴിക്കോട്ടേക്കുള്ള സൂപ്പര്‍ഫാസ്റ് രാവിലെ 9.45 നും മാനന്തവാടി വഴിയുള്ള പൊന്നാനി സൂപ്പര്‍ ഡീലക്സ് വൈകുന്നേരം 4.45 നുമാണ് പുറപ്പെടുന്നത്. തലശേരിയിലേക്കുള്ള സൂപ്പര്‍ ഡീലക്സ് രാത്രി 7.30 നും ചെറുപുഴ വഴിയുള്ള പയ്യന്നൂര്‍ സൂപ്പര്‍ എക്സ്പ്രസ് രാത്രി 8.15 നും കണ്ണൂര്‍ സൂപ്പര്‍ ഡീലക്സ് രാത്രി 8.30 നും നിലമ്പൂര്‍ വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഡീലക്സ് രാത്രി 10.15 നും ബത്തേരി വഴി പോകുന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ് രാത്രി 10.45 നും പുറപ്പെടും.

കലാസിപാളയം ബസ് സ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന ബസുകളുടെ സമയക്രമം: കോഴിക്കോട്ടേക്കുള്ള സൂപ്പര്‍ഫാസ്റ് വൈകുന്നേരം 6.15 നും ബത്തേരി വഴി കോഴിക്കോട്ടേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് രാത്രി 7.15 നും ഇരിട്ടി വഴിയുള്ള പയ്യന്നൂര്‍ സൂപ്പര്‍ എക്സ്പ്രസ് രാത്രി 7.45 നും കോഴിക്കോട് വഴിയുള്ള മലപ്പുറം സൂപ്പര്‍ഫാസ്റ് രാത്രി 7.30 നും ഇരിട്ടി, തലശേരി വഴിയുള്ള കണ്ണൂര്‍ സൂപ്പര്‍ എക്സ്പ്രസ് രാത്രി 8.45 നും മട്ടന്നൂര്‍ വഴിയുള്ള കണ്ണൂര്‍ സൂപ്പര്‍ഫാസ്റ് രാത്രി 9.15 നും തലശേരിയിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് രാത്രി 9.45 നും ബത്തേരി വഴിയുള്ള കോഴിക്കോട് സൂപ്പര്‍ ഫാസ്റ് രാത്രി 10.15 നും പുറപ്പെടും.