എം-വണ്‍ സര്‍വീസ് ഡിസംബര്‍ മുതല്‍
Monday, November 24, 2014 4:36 AM IST
ബംഗളൂരു: സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ എം-വണ്‍ മൊബൈല്‍ ഗവേണന്‍സിന് ഡിസംബറില്‍ തുടക്കമാകും. എട്ടിനു ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എം-വണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി ബില്ലുകള്‍, ട്രാഫിക് പിഴകള്‍ തുടങ്ങിയവ അടയ്ക്കാനും വിവിധ സേവനങ്ങള്‍ ലഭിക്കാനും എം-വണ്‍ പദ്ധതിയിലൂടെ കഴിയും. ഒക്്ടോബറില്‍ നടത്താനിരുന്ന പദ്ധതിയുടെ ഉദ്ഘാടനം പിന്നീട് ഡിസംബറിലേക്കു മാറ്റുകയായിരുന്നു.

വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ടെലഫോണ്‍ ബില്‍, ട്രാഫിക് പിഴത്തുക തുടങ്ങിയവ അടയ്ക്കാനുള്ള സൌകര്യമാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്നത്. പുഷ്, പുള്‍, പേയ്മെന്റ്, ഡാറ്റ കാപ്ചര്‍ എന്നിങ്ങനെ തരം തിരിച്ചുള്ള മൊബൈല്‍ ഗവര്‍ണന്‍സ് സേവനങ്ങളായിരിക്കും എം-വണ്‍ വഴി ലഭിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ജനങ്ങള്‍ക്കുള്ള സന്ദേശങ്ങളാണ് പുഷ് സേവനങ്ങളിലൂടെ ലഭ്യമാകുന്നത്. അപേക്ഷകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ എസ്എംഎസ് ആയി ജനങ്ങള്‍ക്കു ലഭിക്കും.

അതേസമയം, ജനങ്ങള്‍ സര്‍ക്കാരിന് അയയ്ക്കുന്ന അപേക്ഷകളും സന്ദേശങ്ങളുമാണ് പുള്‍ സേവനത്തില്‍ ഉള്‍പ്പെടുന്നത്. ബസുകളുടെ സമയക്രമം, പാസ്പോര്‍ട്ടിനനുള്ള അപേക്ഷയുടെ സ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ജനങ്ങള്‍ക്ക് എസ്എംഎസ് വഴി ചോദിക്കാം.

പേയ്മെന്റ് സേവനത്തില്‍ ജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് ഉപയോഗിച്ച് വിവിധ ബില്ലുകള്‍ അടയ്ക്കാനാകും. അതേസമയം, ഔദ്യോഗികതലത്തിലുള്ള ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചുള്ള പ്രക്രിയകളാണ് ഡാറ്റ കാപ്ചര്‍ സേവനത്തില്‍ ഉള്‍പ്പെടുന്നത്.