കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍; നാലു മന്ത്രിമാര്‍ പുറത്തായേക്കും
Friday, November 21, 2014 9:52 AM IST
ബംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയില്‍ അഴിച്ചുപണി ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. പക്ഷേ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും അന്തിമനിലപാട് അടുത്തമാസമേ ഉണ്ടാകുകയുള്ളൂ എന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി നാലു മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മന്ത്രിമാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഓരോ മന്ത്രിമാരുടെയും പ്രകടനങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ മുഖ്യമന്ത്രി തന്റെ ഓഫീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്. ബജറ്റ് പ്രകാരമുള്ള പദ്ധതികളുടെ നടത്തിപ്പ്, അവലോകന യോഗങ്ങളുടെ എണ്ണം, ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും പരിശോധനകള്‍ക്കുമായി നടത്തിയ യാത്രകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.

അതേസമയം, പുതിയ മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് മുഖ്യമന്ത്രിയോ പാര്‍ട്ടി ഹൈക്കമാന്‍ഡോ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടില്ല. ഡിസംബറില്‍ ബെലാഗവിയില്‍ നടക്കുന്ന നിയമസഭയുടെ ശീതകാലസമ്മേളനത്തിനു ശേഷമേ പുതിയ മന്ത്രിമാരെ തീരുമാനിക്കുന്ന പ്രക്രിയ ആരംഭിക്കുകയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

മുന്‍മന്ത്രിമാരും മുതിര്‍ന്ന നിയമസഭാംഗങ്ങളുമടക്കമുള്ളവരുടെ നീണ്ട പട്ടികയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പക്കലുള്ളത്. അതേസമയം, വിവിധ ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ചെയര്‍മാന്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരെയും തെരഞ്ഞെടുക്കുന്ന നടപടിയും നിയമസഭാസമ്മേളനത്തിനു ശേഷം നടക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.