പ്രധാനമന്ത്രി മോദി ലീഡിംഗ് 'ഗ്ളോബല്‍ തിങ്കേഴ്സ്' ലിസ്റില്‍
Wednesday, November 19, 2014 8:33 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഗവേഷകരുമായ ഡോ. പാര്‍ഥ ദാസ് ഗുപ്ത, ഡോ. വീര ഭദ്രന്‍ രാമനാഥന്‍, ഡോ. സംഗീത ഭാട്ടിയ എന്നിവര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നൂറു ചിന്തകരുടെ (100 ലീഡിംഗ് ഗ്ളോബല്‍ തിങ്കേഴ്സ്) പട്ടികയില്‍ സ്ഥാനം നേടി.

ഫോറിന്‍ പോളസി മാഗസിന്‍ 2014 ല്‍ നടത്തിയ സര്‍വേ ഫലങ്ങളിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 17 ന് (തിങ്കള്‍) എഫ്പി മാഗസിന്‍ എഡിറ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡേവിഡ് റോത്ത് കോഫാണ് വിവരം പത്രങ്ങള്‍ക്ക് നല്‍കിയത്. 10 കാറ്റഗറികളിലായി നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, മെകിസ്ക്കൊ ഫിനാന്‍സ് സെക്രട്ടറി ലൂവിസ് എന്നിവര്‍ ഡിസിഷന്‍ മേക്കേഴ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചു.

കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന പ്രകൃതി വിഭാഗത്തില്‍ ഇന്ത്യന്‍ വംശജരായ ഡോ. പാര്‍ഥ ദാസ് ഗുപ്ത (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി), ഡോ. വീരഭദ്രന്‍ രാമനാഥന്‍ (കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി) എന്നിവര്‍ സ്ഥാനം നേടിയപ്പോള്‍ കൊളിനൊ സ്കോപ്പി പരിശോധന വളരെ ലളിതമാക്കുന്ന ഹീലിംഗ് വിഭാഗത്തിലെ ഗവേഷണങ്ങള്‍ക്ക് എന്‍ജിനിയറും ഫിസിഷ്യനുമായ ഡോ. സംഗീത ഭാട്ടിയ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി) അര്‍ഹയായി.

2014 ല്‍ ഫോര്‍ബസ് നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീകളുടെ പട്ടികയില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ 36-ാം സ്ഥാനം നേടിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍