ടൊറന്റോ ദേവാലയ ഫണ്ട്: കൈനീട്ടം കസറി, കോഓര്‍ഡിനേറ്റര്‍മാര്‍ നല്‍കിയത് 1.3 മില്യന്‍
Tuesday, November 4, 2014 10:12 AM IST
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ് റീജിയന്‍ ദേവാലയ ധനശേഖരണത്തിന് നേതൃത്വം നല്‍കുന്ന കുടുംബ യൂണീറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ വന്‍ തുക സംഭാവന ചെയ്ത് ഫണ്ട് റൈസിംഗ് കിക്കോഫ് അവിസ്മരണീയവും വേറിട്ടതുമാക്കി. റീജിയനിലെ 19 കുടുംബ യൂണിറ്റുകളിലേയും ഭാരവാഹികള്‍ മാത്രം സംഭാവന ചെയ്തത് 1333333 കനേഡിയന്‍ ഡോളര്‍. (ഏഴു കോടിയിലേറെ രൂപ).

ഇത്തരത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ ധനശേഖരണ പ്രചാരണത്തിന് ആരംഭം കുറിച്ച് ഈ തുകയുടെ ചെക്ക് കൈക്കാരന്‍ ടോമി കോക്കാട്ടും കോഓര്‍ഡിനേറ്റര്‍മാരും ചേര്‍ന്ന് വികാരി റവ.ഡോ. ജോസ് കല്ലുവേലിലിനെ ഏല്‍പ്പിച്ചു. തൊട്ടു പിന്നാലെ ഇടവകാംഗം തോമസ് കണ്ണമ്പുഴ ഇത്രയും തന്നെ തുക സംഭാവന ചെയ്യുന്നതായി പ്രഖ്യാപിച്ചതോടെ ആദ്യ ദിനം സമാഹരിക്കാനായത് 2666666 ഡോളര്‍ (14 കോടിയിലേറെ രൂപ)!

2014- 16 വര്‍ഷത്തേക്കുള്ള കുടുംബ യൂണീറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ തന്നെ 1.33 ദശലക്ഷം ഡോളര്‍ സംഭാവനയായി നല്‍കിയത് ധനശേഖരണ സമാഹരണ സംരംഭത്തിന് സമ്മാനിച്ചത് തകര്‍പ്പന്‍ തുടക്കവും. പകര്‍ന്നത് വന്‍ ആവേശവുമാണ്. സ്വന്തമായ ആരാധനാലയം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാന്‍ ഇതു പ്രരേക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

തുടര്‍ന്നു നടന്ന പൊതുയോഗത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ദേവാലയ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തോമസ് കണ്ണമ്പുഴ ഏറ്റെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം