ചെണ്ടമേളത്തിന്റെ പണം അനാഥാലയത്തിന്; കാരുണ്യത്തിന്റെ വ്യത്യസ്തവഴിയില്‍ ഈ സംഘം
Friday, October 31, 2014 5:06 AM IST
കോട്ടയം: ചെണ്ടമേളം നടത്തി ലഭിക്കുന്ന വരുമാനം കാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിച്ച് വ്യത്യസ്തമായ വഴികാണിക്കുകയാണ് ഒരു സംഘം പ്രവാസിമലയാളികള്‍. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ആലപ്പുഴ ചമ്പക്കുളം സ്വദേശി അലക്സ് പോള്‍ മുണ്ടയ്ക്കലും സംഘവുമാണ് കാരുണ്യത്തിന്റെ ഈ വ്യത്യസ്തവഴി തുറക്കുന്നത്.

കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ 'അമ്മവീടി'ന് തങ്ങളുടെ സംഭാവന നല്‍കാനെത്തിയതായിരുന്നു അലക്സ് പോളും സുഹൃത്തുക്കളും. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലും ഫാ. ജോബി മാറാമറ്റവും ഇവരുടെ സംഭാവന ഏറ്റുവാങ്ങി. വിദേശജീവിതത്തിലെ തിരക്കിനിടയിലും മലയാളികളുടെ സ്വന്തം ചെണ്ടമേളത്തെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുകയും അതില്‍ നിന്നു കിട്ടുന്ന വരുമാനം പാവങ്ങള്‍ക്കായി നല്‍കുകയും ചെയ്ത് കലയോടും നാടിനോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം കാരുണ്യത്തിന്റെ പുതിയ വഴിയും ഇവര്‍ കാണിച്ചുതരുന്നു.

മൂന്നുവര്‍ഷം മുന്‍പാണ് അലക്സ് പോള്‍ ചെണ്ട അഭ്യസിച്ചത്. നാട്ടില്‍ നിന്നായിരുന്നു പഠനം. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ചെണ്ടസംഘത്തിന്റെ 'ആശാന്‍' ആയി ഇദ്ദേഹം. വളരെവേഗം ചെണ്ടയുടെ താളം സ്വായത്തമാക്കിയ ഇവര്‍ തുടര്‍ന്ന് ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ പരിപാടികളില്‍ ചെണ്ടമേളം നടത്താന്‍ തുടങ്ങി. വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റ് ആഘോഷപരിപാടികളിലും അലക്സ് മുണ്ടയ്ക്കല്‍ ക്യാപ്റ്റനായുള്ള 12 അംഗ ടീമിന്റെ ചെണ്ടമേളം സ്ഥിരം കാഴ്ചയായി.

മോട്ടി ജോര്‍ജ്, സോണി വാടയ്ക്കല്‍, അനിയച്ചന്‍ (യോങ്കേഴ്സ്), സാബു കട്ടപ്പന, റോണി പള്ളിയ്ക്കാപറമ്പില്‍, ജെഫി തോമസ്, ബ്രെയാന്‍ മുണ്ടയ്ക്കല്‍, ഡേവിഡ് സാമുവേല്‍, മാര്‍ട്ടിന്‍ മുണ്ടാടന്‍, ഷോണ്‍ തച്ചേരില്‍, സുബിന്‍ തച്ചേരില്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ചെണ്ടമേളം നടത്താന്‍ വരുന്ന ചെലവ് കിഴിച്ചുള്ള പണം സ്വരുക്കൂട്ടിയതാണ് വെള്ളിയാഴ്ച ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന് നല്‍കിയത്. ഇനിയും ചെണ്ടമേളത്തില്‍ നിന്നു കിട്ടുന്ന പണം കാരുണ്യപ്രവര്‍ത്തനത്തിന് തന്നെ വിനിയോഗിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അലക്സ് പോള്‍ പറഞ്ഞു.