ഫാ. പി.ടി. തോമസിന്റെ പൌരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
Friday, October 17, 2014 8:24 AM IST
ഷിക്കാഗോ: മാര്‍ ഈവാനിയോസ് കോളജ് റിട്ട. മലയാളം പ്രഫസറും ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയുടെ മുന്‍വികാരിയുമായ പി.ടി. തോമസ് അച്ചന്റെ പൌരോഹിത്യ സുവര്‍ണജൂബിലി ഒക്ടോബര്‍ 12-ന് എവന്‍സ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിച്ചു.

അമ്പത് വര്‍ഷത്തെ പൌരോഹിത്യ ജീവിതത്തിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി അര്‍പ്പിച്ച് ഞായറാഴ്ച രാവിലെ തോമസ് മാര്‍ യൌസേബിയോസ് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി സമര്‍പ്പിക്കുകയും തുടര്‍ന്ന് പിതാവിന്റെ അധ്യക്ഷതയില്‍ അനുമോദന സമ്മേളനം നടത്തുകയും ചെയ്തു.

അഞ്ജലി സഖറിയയുടെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍, ഇടവക വികാരി ബാബു മഠത്തിപറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യൌസേബിയോസ് പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഫ്രാന്‍സീസ് മാര്‍പാപ്പയുടേയും, മാര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാ ബാവയുടേയും മംഗളപത്രം പിതാവ് വായിക്കുകയും ഫാ. പി.ടി. തോമസിന് സമ്മാനിക്കുകയും ചെയ്തു.

ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, ഫാ. വില്യംസ്, റവ. സിസ്റര്‍ മറിയം എസ്ഐസി ബഞ്ചമിന്‍ തോമസ്, ജോഷ്വാ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഇടവകയുടെ സ്നേഹോപഹാരം ട്രഷറര്‍ രാജു വിന്‍സെന്റ് നല്‍കി.

മറുപടി പ്രസംഗത്തില്‍ ഫാ. പി.ടി. തോമസ് തനിക്ക് ലഭിച്ച എല്ലാ നന്മകള്‍ക്കും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും മാതാപാതാക്കളെ പ്രത്യേകം അനുസ്മരിക്കുകയും ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു. ഡോ. ക്രിസ്റി തോമസ് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

തോമസ് മാര്‍ യൌസേബിയോസ് പിതാവിന്റെ ശ്ശൈഹീകാശീര്‍വാദത്തോടെ സമ്മേളനം സമാപിച്ചു. എംസിവൈഎം പ്രസിഡന്റ് എലീന തോമസ് എംസിയായി പ്രവര്‍ത്തിച്ച് സമ്മേളനം നിയന്ത്രിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും യുവജനങ്ങളും കുട്ടികളും ചേര്‍ന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ നടത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം