സാഹിത്യ സംവാദം ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്കില്‍
Thursday, October 16, 2014 4:11 AM IST
ന്യൂയോര്‍ക്ക്: സാഹിത്യ സംവാദം ഒക്ടോബര്‍ 19, 2014 (ഞായറാഴ്ച) വൈകിട്ട് 2 മുതല്‍ 4 മണി വരെ ന്യൂയോക്കില്‍ നടക്കും. അക്ഷരസ്നേഹികളായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പരിപാടി ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്റോറന്റ്, യൂണിയന്‍ ടേണ്‍പൈക്ക്,ക്യൂന്‍സില്‍ വെച്ചാണ് അരങ്ങേറുക. ഷിബു ഏലിയാസ് (സന്തൂര്‍ റെസ്റോറന്റ്) ആണ് പരിപാടിയുടെ സംഘാടകന്‍.

കനേഡിയന്‍ മലയാളി എഴുത്തുകാരനായ ജോണ്‍ ഇളമതയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച് രണ്ട് നോവലുകളെപ്പറ്റിയുള്ള ചര്‍ച്ചയും, അവലോകനവുമാണ് വിഷയം.

ഡോ. നന്ദകുമാര്‍ 'മരണമില്ലാത്തവരുടെ താഴ്വര' എന്ന നോവലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തും. .അതി പൂരാതന ചരിത്രം. ഏതാണ്ട് ക്രിസ്തുവിന് 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൃസ്വമായി ജീവിച്ച്, ഈജിപ്റ്റിനെ ഭരിച്ച ബാലഫറവോ ടൂട്ടാന്‍ കാമൂണിന്റെ ചരിത്രമാണ് ഈ നോവലിന് ആധാരം. ഫറവോമാരുടെ അത്യന്തം വിചിത്രമായ ആചാര വിശ്വാസങ്ങളിലൂടെ ഇതള്‍ വിടരുന്ന ഈ കൃതിയില്‍ ചരിത്രത്തിലിന്നും വിസ്യമായി നില നില്‍ക്കുന്ന ഒരു ബാലഫറവോയുടെ കഥ പറയുന്നു.ചരിത്രവും, ഭാവനയും ഇഴപിരിയുന്ന അപൂര്‍വ്വ മുഹൂര്‍ങ്ങള്‍ ഒരുക്കുന്ന ഉദ്വേഗജനകമായ കഥയാണ് 'മരണമില്ലാത്തവരുടെ താഴ്വര'.

മറ്റൊരു നോവല്‍,പുരാതന ഗ്രീസിന്റെ ചരിത്രമായ 'സോക്രട്ടീസ് ഒരു നോവല്‍' എന്നതാണ്. ഡോക്ടര്‍ ഏകെബി പിള്ളയാണ് ഈ നോവിലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തുന്നത്. യവന ചിന്തകന്‍ സോക്രട്ടീസിന്റെ ജീവിതവും,തത്വപിന്തകളും ചിത്രീകരിക്കുന്ന ഈ നോവല്‍, ബി സി അഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ ആഞ്ഞടിച്ച പുതിയ അറിവുകളുടെ ചിന്താപ്രവാഹമാണ്. ചരിത്രവും,മിത്തും,സമന്വയിക്കുന്ന ഈ നോവല്‍ പുരാതന ഗ്രീസിന്റെ വിശ്വാസ പ്രമാണങ്ങളുടെ പൊളിച്ചെഴുത്തും,പുതിയ തത്വജ്ഞാനത്തിന്റെ വൈകാരിക വിപ്തവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അന്വേഷിക്കുക: ഷിബു ഏലിയാസ് (ഫാണ്‍ 718 343 3939, 516 348 3570).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം