ഓക്ലാന്‍ഡില്‍ തിരുനാളാഘോഷം വര്‍ണശബളമായി
Tuesday, October 14, 2014 4:19 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓക്ലാന്‍ഡില്‍ കൊന്തനമസ്കാരവും നിത്യസഹായ മാതാവിന്റെ തിരുനാളും പ്രഥമ ചാപ്ളെയിന്‍ ഫാ. അലക്സ് വിരുതികുളങ്ങരയുടെ പൌരോഹിത്യ രജതജൂബിലിയും ആഘോഷിച്ചു.

ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ എല്ലസ്ലി കത്തോലിക്കാ പള്ളിയിലാണ് കൊന്തനമസ്കാരം നടത്തിയത്. ദിവസേവന വൈകുന്നേരം ഏഴിന് ദിവ്യബലിയും തുടര്‍ന്ന് നൊവേനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു.

കൊന്തനമസ്കാരത്തിന്റെ സമാപന ദിവസമായ 10ന് (വെള്ളി) ഫാ. അലക്സ് പതാക ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കുശേഷം ഭക്തിപൂര്‍വകമായ ജപമാല പ്രദക്ഷിണം നടന്നു. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍, സണ്‍ഡേ സ്കൂള്‍, യൂത്ത് ഗ്രൂപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

12ന് (ഞായര്‍) ഉച്ചകഴിഞ്ഞ് സേക്രഡ് ഹാര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ തിരുനാള്‍, ജൂബിലി ആഘോങ്ങള്‍ നടന്നു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാനയില്‍ ജൂബിലിയേറിയന്‍ ഫാ. അലക്സ്, മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര, അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍, സിഎസ്എസ്ആര്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ഫാ. ജോണ്‍ ഏരി, ഫാ. ടോം എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പിനേയും ജൂബിലി ആഘോഷിക്കുന്ന അലക്സ് അച്ചനെയും പൊന്നാട അണിയിച്ച് ആദരിച്ച് സീറോ മലബാര്‍ മിഷന്റെ ഉപഹാരം സമര്‍പ്പിച്ചു. ഫാ. ജോണ്‍ ഏരി, ഫാ. ടോം എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സിനും കുട്ടികളും അലക്സ് അച്ചന് പ്രത്യേക സ്നേഹോപഹാരം നല്‍കി.

ചടങ്ങില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകരേയും ഉപഹാരം നല്‍കി ആദരിച്ചു. ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ഓക് ലാന്‍ഡ് സീറോ മലബാര്‍ മിഷന്റെ ആദ്യത്തെ ഡയറക്ടറി വെബ്സൈറ്റ് മാനേജര്‍ ജോബി സിറിയക്കിനു നല്‍കി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. തുടര്‍ന്ന് കലാവിരുന്ന് അരങ്ങേറി. സെന്റ് മേരീസ് ഫാമിലി യൂണിറ്റ് അവതരിപ്പിച്ച ബൈബിള്‍ നാടകം സ്നാപക യോഹന്നാന്‍ ഒരു പുത്തന്‍ കാഴ്ചാനുഭവം നല്‍കി. തുടര്‍ന്നു നടന്ന സ്നേഹവിരുന്നില്‍ എഴുനൂറോളം പേര്‍ പങ്കെടുത്തു.

ജനറല്‍ കണ്‍വീനര്‍ ഷാജി സ്രാമ്പിക്കല്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരടങ്ങിയ തിരുനാള്‍ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍