'കെയ്റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍
Thursday, October 9, 2014 4:52 AM IST
ന്യൂജേഴ്സി: ക്രസ്തുവിനേയും ക്രിസ്തുവിന്റെ മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന 'കെയ്റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 17,18,19 തീയതികളില്‍ മിനിയാപ്പോളിസിലെ സീറോ മലബാര്‍ ക്നാനായ മിഷനിലും, ഒക്ടോബര്‍ 24,25,26 (വെള്ളി-ഞായര്‍ 9-6) ന്യൂജേഴ്സിയിലുള്ള ക്ളിഫ്ടണ്‍ ക്നാനായ പള്ളിയിലും, ഒക്ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ സീറോ മലബാര്‍ ഡി.സി മിഷന്‍ മേരിലാന്റിലും, നവംബര്‍ 7,8,9 തീയതികളില്‍ ഡാളസ് ക്നാനായ യാക്കോബായ പള്ളിയിലും നടത്തപ്പെടും. കെയ്റോസ് എന്ന വാക്കിനര്‍ത്ഥം 'ദൈവം ഇടപെടുന്ന സമയം' എന്നതാണ്. 'ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു' എന്നതാണ് ആപ്തവാക്യം.

കെയ്റോസ് ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എം.എസ്.എഫ്.എസ് ആണ്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, നിരവധി വിദേശരാജ്യങ്ങളിലും നിരവധി ടിവി പരിപാടികളിലൂടെയും അദ്ദേഹം ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നു. സീറോ മലബാര്‍ സഭയിലെ ലോഗ് വില്ല, ജോര്‍ജിയ എന്നീ ഇടവകയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. ക്രിസ്തീയ ഗാനരചയിതാവും അനേകം പുസ്തകങ്ങളുടെ കര്‍ത്താവുമാണ് അദ്ദേഹം.

പ്രശസ്ത വചന പ്രഘോഷകനായ റെജി കൊട്ടാരമാണ് കെയ്റോസ് ധ്യാന ടീമിലെ മറ്റൊരു അംഗം. കൂടാതെ പ്രശസ്ത ഗായകനും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനല്ലൂര്‍, ബ്രദര്‍ വി.ഡി. രാജു എന്നിവരും ധ്യാനത്തില്‍ വചനം പങ്കുവെയ്ക്കും.

കുടുംബങ്ങളുടെ അവിഭാജ്യഘടകമായ ദേവാലയത്തെ അടിസ്ഥാനപ്പെടുത്തിയ ഇടവക ധ്യാനം 'കെയ്റോസ് 2014' വെള്ളിയാഴ്ച (മുഴുവനായോ/ഉച്ചകഴിഞ്ഞോ), ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴവനും നടത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം