ഒരുമയുടെ ഓണാഘോഷം അവിസ്മരണീയമായി
Thursday, October 9, 2014 4:14 AM IST
ഹൂസ്റണ്‍: ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ഹൂസ്റണിലെ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനത്തെത്തി കഴിഞ്ഞ ഒരുമ ഹൂസ്റണിന്റെ ഓണാഘോഷം വ്യത്യസ്തവും വേറിട്ടതുമായ പരിപാടികള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി.

സെപ്റ്റംബര്‍ ഏഴിന് സ്റാഫോര്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ആഘോഷങ്ങള്‍ക്ക് ഒരുമയുടെ 2014 ലെ ഭാരവാഹികള്‍ ഒരുമിച്ച് ചേര്‍ന്ന് നിലവിളക്ക് തെളിച്ച് തുടക്കം കുറിച്ചു. ചടങ്ങില്‍ പ്രസിഡന്റ് പയസ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈസന്‍ മാത്യു സ്വാഗതം ആശംസിച്ചു.

ഷുഗര്‍ലാന്റ് സിറ്റി പ്രോട്ടെം മേയറും ഇന്ത്യാക്കാരനുമായ ഹാരിഷ് ജാജു യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ ഓണ സന്ദേശം നല്‍കി.

ചെണ്ടമേളത്തിന്റെയും താലപൊലിയുടെയും അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കുട്ടികളുടെയും യുവാക്കളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വേദിയില്‍ അവതരിക്കപ്പെട്ടു. ജോണ്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പ്രോഗ്രാം കമ്മിറ്റി വളരെയേറെ പ്രശംസ പിടിച്ചുപറ്റി.

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂപടത്തിന്റെ രൂപത്തില്‍ ക്രമീകരിച്ച പൂക്കളം, സ്റേജിനെയും ഹാളിനെയും അലങ്കരിച്ചു നിര്‍ത്തിയ നാടന്‍ വാഴക്കുല എന്നിവ ഒരുമയുടെ അംഗങ്ങള്‍ക്ക് വേറിട്ട അനുഭവം നല്‍കി. ഒരുമയുടെ മുന്‍കാല പ്രസിഡന്റുമാരെയും ഭാരവാഹികളെയും പ്രസിഡന്റ് പയസ് നന്ദിയോടെ സ്മരിച്ചു.

ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ ഒരുമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കളായ ജോസഫ് കൈതമറ്റത്തില്‍, റോബി കടവില്‍, ബെസ്റ് ഗാര്‍ഡന്‍ അവാര്‍ഡ് ജേതാക്കളായ ഫിലിപ്പ് നമ്പിശേരില്‍, ജിടോം കടമ്പാട്ട് എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

റിവര്‍സ്റോണ്‍ മലയാളികളുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും കെട്ടുറപ്പിന്റെയും പ്രതീകമായ ഒരുമയുടെ ഓണാഘോഷ പരിപാടികള്‍ക്ക് ആശംസകളേകുവാനും ആഘോഷങ്ങളുടെ നടത്തിപ്പിന് ഭാഗഭാക്കുകളാകുവാനും സ്പോണ്‍സേഴ്സ് ആകുവാനും ഏറെപ്പേര്‍ കടന്നു വന്നത് ഒരുമയുടെ ജനപങ്കാളിത്തവും സ്വാധീനവും ഹൂസ്റണ്‍ നിവാസികള്‍ക്കിടയില്‍ എത്രമാത്രം ഉണ്െടന്നുള്ളതിന് തെളിവാണ്.

യോഗത്തില്‍ ജെസി റെജി നന്ദി പറഞ്ഞു. 20 ല്‍ പരം വിഭവങ്ങളടങ്ങിയ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി