ചെറുപുഷ്പത്തിന്റെ മാര്‍ഗത്തിലൂടെ ഫീനിക്സിലെ കുട്ടികള്‍
Wednesday, October 8, 2014 1:30 AM IST
ഫീനിക്സ്: എത്ര ചെറിയ പ്രവര്‍ത്തികളും ദൈവത്തോടുള്ള സ്നേഹത്തെ പ്രതി സന്തോഷത്തോടെ ചെയ്യുക എന്ന വി. കൊച്ചുത്രേസ്യയുടെ കൊച്ചുമാര്‍ഗം അനുകരണീയമാണ്. സാധാരണ പ്രവര്‍ത്തികള്‍ സാധാരണ സ്നേഹത്തോടെ ചെയ്യുവാന്‍ കഴിയണം എന്ന് ഫാ. മാത്യു മുഞ്ഞനാട്ട് കുട്ടികള ഉത്ബോധിപ്പിച്ചു. ഫീനിക്സിലെ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (സി.എം.എല്‍) സ്ഥാപക ദിനാഘോഷത്തിന്റെ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍' എന്ന ലിയോ ത111 മാര്‍പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് 1947 ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍ സ്ഥാപിതമായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭാരതാംബയുടെ അതിരുകള്‍പ്പുറം അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നീ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികസനം, ആത്മീയ വളര്‍ച്ച, പ്രേക്ഷിതമൂല്യം, ദാനധര്‍മ്മ പ്രവര്‍ത്തികള്‍ എന്നിവ പരിപോഷിപ്പിക്കുവാന്‍ സി.എം.എല്‍ സഹായകരമാണ്.

സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമയ സി.എം.എല്‍ ഭക്തസംഘടനയുടെ ഫീനിക്സ് യൂണീറ്റ് 2011-ല്‍ ആണ് സ്ഥാപിതമായത്. ഇടവകയിലെ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ നൂറോളം കുട്ടികള്‍ ഈ സംഘനടയിലെ അംഗങ്ങളാണ്.

സി.എം.എല്ലിന്റെ സ്ഥാപക പാലക പുണ്യവാളന്മാരായ വി. കൊച്ചുത്രേസ്യ, വി. അല്‍ഫോന്‍സാമ്മ, വി. ഫ്രാന്‍സീസ് സേവ്യര്‍, വി. തോമസ് എന്നിവരുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് മാറ്റുകൂട്ടുന്നതിനായി സി.എം.എല്‍ പതാകയും, തൊപ്പിയും, പേപ്പല്‍ പതാകയും, മെഴുകുതിരികളും, റോസാ പുഷ്പങ്ങളുമായി അംഗങ്ങള്‍ അണിനിരന്നു. ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങള്‍ നടത്തിയ ക്ളോത്ത് ഡ്രൈവ് കുട്ടികളുടെ ദാനശീലത്തിന്റെ ഉത്തമോദാഹരണമായിരുന്നു. മതബോധന ഡയറക്ടര്‍ സാജന്‍ മാത്യു, സി.എം.എല്‍ ഫീനിക്സ് യൂണീറ്റ് കോര്‍ഡിനേറ്റര്‍ സുഷ സെബി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളില്‍ ഗ്രൂപ്പ് ലീഡര്‍ അനറ്റ് ടോം സി.എം.എല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ആല്‍ബിയ സെബി സി.എം.എല്‍ ലഘു ചരിത്രം അവതരിപ്പിച്ചു. ഷാജു നെറ്റിക്കാടന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം