സാന്‍ഹൊസെ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ ഓണാഘോഷം ഗംഭീരമായി
Saturday, October 4, 2014 6:42 AM IST
സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ കെസിസിഎന്‍സി വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം താലപൊലിയേന്തിയ ബാലികമാരുടെയും ചെണ്ടമേളങ്ങളുടെയും പുലികളികളുടെയും അകമ്പടിയോടെ മാവേലി മന്നന്‍ ദേവാലയങ്കണത്തിലേക്ക് പ്രവേശിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു കേരളീയ തനിമ നിലനിര്‍ത്തുന്ന മുണ്ടും ഷര്‍ട്ടും അണിഞ്ഞിറങ്ങിയ വികാരി ജോസ് ഇല്ലികുന്നുമ്പറത്ത് അച്ചനൊപ്പം ഇടവകാംഗങ്ങള്‍ ആഘോഷമായ ഘോഷയാത്രയോടെ പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഓണസദ്യയും ഓണകളികളും നടത്തി. ഇടവകയിലെ ഓരോ വാര്‍ഡില്‍നിന്നും കൊണ്ടുവന്ന പപ്പടം, പഴം, പായസം, വിവിധയിനം കറികളും വാഴയിലയില്‍ വിളമ്പി ഓണസദ്യ ഗംഭീരമാക്കി.

വിമെന്‍സ് ഫോറം പ്രസിഡന്റ് സാലി വട്ടാടികുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിക്ക് ഫാ. ജോസ് ഇല്ലികുന്നുംപുറത്ത് നന്ദി പറഞ്ഞു. ഓണകളികള്‍ക്ക് വിവിന്‍ ഓണശേരില്‍, അനില്‍ കണ്ടാരപ്പള്ളി, സ്റീഫന്‍ വേലികെട്ടേല്‍, ജോസ് മാമ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ഥം നടത്തിയ ഫോട്ടോ ഷോട്ട് ഇവന്റിന് പ്രവീണ്‍ ഇലഞ്ഞിക്കല്‍, വിപിന്‍ ഓണശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷ പരിപാടികള്‍ക്ക് വിമെന്‍സ് ഫോറം ഭാരവാഹികളായ സാലി വട്ടാടികുന്നേല്‍, ജാസ്മിന്‍ വടുതല, ഷൈനി ഇല്ലികാട്ടില്‍, മേരി തറയില്‍, മാഗി ചെമ്മാച്ചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.