കൊഗരാ മലയാളി കമ്യൂണിറ്റി ഓണം ആഘോഷിച്ചു
Friday, October 3, 2014 6:08 AM IST
സിഡ്നി: സിഡ്നിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊഗരാ മലയാളി കമ്യൂണിറ്റിയുടെ ഓണം 2014 ചടങ്ങുകള്‍ മലയാളത്തനിമയുടെ പ്രതീതിയില്‍ വേദിയെ അക്ഷരാര്‍ഥത്തില്‍ ഒരു കൊച്ചുകേരളമാക്കി.

പൊന്നിന്‍ചിങ്ങമാസത്തിലെ മാവേലിയുടെ വരവേല്‍പ്പിന് സമാനമായി മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള മഹാബലിയുടെ വരവ് മലയാളികളുടെ മനസില്‍ ചരിത്രത്തിന്റെ സമാനതകള്‍ വിളിച്ചറിയിക്കുന്നതായിരുന്നു.

പൊന്നോണത്തിന്റെ ഐതിഹ്യത്തിന്റെ ചരിത്രമോതുന്ന ഓണപൂക്കളം, തിരുവാതിര, പുലികളി, ശിങ്കാരിമേളം എന്നിവ കെഎംസിയുടെ ഓണത്തിന്റെ മാറ്റുരയ്ക്കുന്നതായിരുന്നു.

കെഎംസി ഓണം 2014 ലക്കി ഡ്രോ ബംബര്‍ പ്രൈസ് പ്രാജോയകരായ ബ്ളൂ മൂണ്‍ റസ്ററന്റ് വക കുമരകം ബോട്ട് യാത്രയും എല്‍സിഡി ടെലിവിഷനും സോണി കരസ്ഥമാക്കി. രണ്ടാം സമ്മാനമായ സൈക്കിള്‍ ഷൈജു അഗസ്റ്യന്‍ കസ്ഥമാക്കി. കെഎംസി ഓണം പ്രോഗ്രാം കണ്‍വീനര്‍ സോണി തോമസ് ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ച ഓണാഘോഷങ്ങള്‍ റിന്റോ ആന്റോ, ബെന്നി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. കെഎംസി സെക്രട്ടറി ജിനേഷ് കുമാര്‍ സ്വാഗതവും ജോണ്‍സണ്‍ ജോസഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്