ഓക്ലാന്റില്‍ കൊന്തനമസ്കാരവും നിത്യസഹായ മാതാവിന്റെ തിരുനാളും ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ
Saturday, September 27, 2014 8:18 AM IST
ഓക്ലന്റ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ കൊന്തനമസ്കാരവും നിത്യസഹായ മാതാവിന്റെ തിരുനാളും നടത്തുന്നു.

ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ എല്ലസ്ലി കത്തോലിക്കാ പളളിയില്‍ ദിവസവും വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ജപമാലയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും ആഘോഷങ്ങള്‍ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടത്തുക.

അഞ്ചിന് (ഞായര്‍) സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തിലുളള ആഘോഷ പരിപാടികള്‍ വൈകിട്ട് അഞ്ചിന് തുടങ്ങും. കൊന്ത നമസ്കാരത്തിന്റെ സമാപന ദിവസമായ ഒക്ടോബര്‍ 10 ന് വൈകിട്ട് 6.30 ന് പതാക ഉയര്‍ത്തലും കുര്‍ബാനയ്ക്കുശേഷം വര്‍ണശബളമായ തിരി പ്രദക്ഷിണവും നടക്കും.

12 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് സേക്രഡ് ഹാര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ തിരുനാളാഘോഷങ്ങള്‍ നടക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പൌരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന മുന്‍ ചാപ്ളെയിന്‍ ഫാ. അലക്സ് വിരുതക്കുളങ്ങര സിഎസ്എസ്ആര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഉച്ചകഴിഞ്ഞ് 2.30 ന് ആര്‍ച്ച് ബിഷപ്പിനേയും മറ്റു വിശിഷ്ടാതിഥികളേയും സ്വീകരിച്ചാനയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിനൊപ്പം ന്യൂസിലാന്‍ഡിലെ എല്ലാ മലയാളി വൈദികരും ദിവ്യരക്ഷക സഭാ സുപ്പീരിയര്‍ ഫാ. ജോണ്‍ ഏരിയും സന്നിഹിതരായിരിക്കും. കുര്‍ബാനയ്ക്കുശേഷം പൊതുയോഗവും ജൂബിലി ആഘോഷവും കലാപരിപാടികളും തുടര്‍ന്ന് സ്നേഹ വിരുന്നും നടക്കും.

തിരുനാളിന്റെ നടത്തിപ്പിനായി പാരീഷ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഷാജി സ്രാമ്പിക്കല്‍ ആണ് ജനറല്‍ കണ്‍വീനര്‍ തിരുനാളിലും കൊന്ത നമസ്കാരത്തിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര, അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടം