ക്ളാരിന്‍ഡയില്‍ ലിബറല്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജനായ ഗാന്ധി ബിവിനകൊപ്പ
Thursday, September 25, 2014 8:50 AM IST
മെല്‍ബണ്‍: വിക്ടോറിയന്‍ പാര്‍ലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രമുഖ കക്ഷികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുതുടങ്ങി. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്ളാരിന്‍ഡയില്‍ ഇത്തവണ പ്രവാസികളുടെ പോരാട്ടമാണെന്ന് ഉറപ്പായിരിക്കുകയാണ്.

ഓസ്ട്രേലിയന്‍ ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായി കംബോഡിയന്‍ വംശജനായ ഹോംഗ് ലിം മത്സരിക്കുമ്പോള്‍ ലിബറല്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജനായ ഗാന്ധി ബിവിനകൊപ്പയാണ്. ഗ്രീന്‍പാര്‍ട്ടിയുടെ ജെയിംഗ് താല്‍ബോട്ടും മത്സരരംഗത്തുണ്ട്.

ഗാന്ധിയുടെ ഇലക്ഷന്‍ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് (ഞായര്‍) രാവിലെ ചെല്‍ത്തനാം ഞടഘ ല്‍ നടന്നു. മന്ത്രിമാരായ ഡേവിഡ് ഡേവിസ്, ഗോര്‍ഡന്റിച് ഫിലിപ്സ്,കാബിനറ്റ് സെക്രട്ടറി ഇന്ഗപ്യൂലിച് തുടങ്ങിയവരുള്‍പ്പെടയുള്ള പ്രമുഖ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാരും ക്ഷണിക്കപ്പെട്ട സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു, ചടങ്ങില്‍ ഗാന്ധിയുടെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനങ്ങളും വികസന വാഗ്ദാനങ്ങളും ചര്‍ച്ച ചെയ്തു.

ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി ബെവിനകൊപ്പയെ ലിബറല്‍ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്.

1990 ലാണ് ഇദ്ദേഹം ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന ഗാന്ധി റോട്ടറി ക്ളബിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെയും സജീവപ്രവര്‍ത്തകനാണ്, വിക്ടോറിയാന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഗാന്ധി.

നിരവധി വികസനവാഗ്ദാനങ്ങളാണ് സ്ഥാനാര്‍ഥി മുന്നോട്ടുവയ്ക്കുന്നത്. ആരോഗ്യമേഖലയില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. മൊണാഷ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ 250 മില്യന്‍ ഡോളറിന്റെ വികസനം നടപ്പാക്കുന്നതിനൊപ്പം മേഖലയില്‍ 700 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം.

തെക്കുപടിഞ്ഞാറന്‍ സബര്‍ബിലുള്ള ക്ളാരിന്‍ഡയുടെ അതിര്‍ത്തികള്‍ സ്പ്രിംഗ് വേല്‍ റോഡ്, സെന്റര്‍ ഡാന്‍ഡിനോംഗ് റോഡ്, വാറിംഗല്‍ റോഡ് എന്നിവയാണ്. 42.8 സ്ക്വയര്‍ കിലോമീറ്ററാണ് വിസ്തീര്‍ണം. ക്ളാരിന്‍ഡ, ഓക്ളി, ക്ളേറ്റണ്‍ സൌത്ത്, സ്പ്രിംഗ് വേല്‍ സൌത്ത് തുടങ്ങിയവയാണ് പ്രമുഖ നഗരങ്ങള്‍.

റിപ്പോര്‍ട്ട്: അരുണ്‍ മാത്യു