മുരുകന്‍ കാട്ടാക്കടയും അഫ്സലും ഓസ്ട്രേലിയന്‍ പര്യടനത്തിന്
Thursday, September 25, 2014 6:04 AM IST
ബ്രിസ്ബന്‍: വേറിട്ട ശൈലിയും ഗാംഭീര്യമാര്‍ന്ന അവതരണവും കൊണ്ട് മലയാള കാവ്യാസ്വാദകരെ ത്രസിപ്പിച്ച പ്രസിദ്ധ കവി മുരുകന്‍ കാട്ടാക്കടയും ചലചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയരായ അഫ്സലും അഖില ആനന്ദും ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നു.

ബ്രിസ്ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റിബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ജ്വാലോത്സവത്തിലെ അതിഥികളായാണ് ഇവരെത്തുന്നത്.

ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിംഗ്സ്, ഡാര്‍വിന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളിലും ഇവര്‍ പങ്കെടുക്കും.

രാഗ, താള മേളങ്ങള്‍ വിസ്മയം വിരിയിക്കുന്ന വര്‍ണമനോഹരമായ കലാനിശയാണ് ജ്വാലോത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്നത്.

ഒക്ടോബര്‍ 18ന് (ശനി) വൈകുന്നേരം ഫോസ്റ് ലേയ്ക്ക് സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ പരിപാടി ബ്രിസ്ബന്‍ മലയാളികളുടെ മഹോത്സവമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് സംഘാടകര്‍.

റിപ്പോര്‍ട്ട്: ജഗജീവ് കുമാര്‍