രണ്ടാം വത്തിക്കാന്‍ സൂനഹദോസ്: ദേശീയ സെമിനാറില്‍ 22 പഠന പ്രബന്ധങ്ങള്‍
Friday, September 19, 2014 7:10 AM IST
ബാംഗ്ളൂര്‍: ഭാരതത്തിലെ പൌരസ്ത്യ കത്തോലിക്ക സഭകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ധര്‍മാരം വിദ്യാക്ഷേത്രത്തില്‍ നടന്നു. ദൈവശാസ്ത്ര വിഭാഗത്തിന്റെ കീഴിലുള്ള പ്ളാസിഡ് പൊടിപ്പാറ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച സെമിനാറില്‍ സ്വദേശത്തും വിദേശത്തും നിന്നുള്ള വിവിധ കത്തോലിക്കാ സഭകളെ പ്രതിനിധീകരിച്ചു 22 പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഫാ. സാജു ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. തോമസ് ഐക്കര പ്ളാസിഡച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഠനകേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് തോണിപ്പാറ പഠനക്കളരിയുടെ ഡൈനാമിക്സ് വിവരിച്ചു. ഫാ. തോമസ് കൊല്ലംപറമ്പില്‍ സ്വാഗതം പറഞ്ഞു.

ബൈബിള്‍, ചരിത്രം, ദൈവശാസ്ത്രം, സഭാവിജ്ഞാനീയം, ആദ്ധ്യാത്മികത, സഭാനിയമം, ആരാധനാക്രമം എന്നിവയുടെ വെളിച്ചത്തില്‍ പൌരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രമാണരേഖ ദേശീയ സെമിനാറില്‍ പഠനവിഷയമാക്കി. ക്രിയാത്മക ചര്‍ച്ചകളിലൂടെ എങ്ങനെ വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനങ്ങളെ ഭാരതസഭയില്‍ പ്രായോഗികമായി നടപ്പാക്കാമെന്ന ആശയവും സെമിനാറില്‍ ഉയര്‍ന്നുവന്നു.