ഗൃഹാതുരത്വമുണര്‍ത്തി ജിഎസ്സിയുടെ മലയാളം ക്ളാസ് വാര്‍ഷികം
Tuesday, September 16, 2014 5:14 AM IST
ഹൂസ്റണ്‍: മലയാള ഭാഷാ പഠനത്തിന്റെ പ്രസക്തിയും അതിലൂടെ നാം നേടുന്ന സാംസ്കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിക്കാന്‍ ജി.എസ്.സിയുടെ മലയാളം ക്ളാസ് ഇടായകട്ടെ എന്ന് ഷുഗര്‍ലാന്റ് സിറ്റി കൌണ്‍സില്‍ മെമ്പറായിരുന്ന റ്റോം ഏബ്രഹാം ആശംസിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി ഹൂസ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഹാളില്‍ വെച്ച് നടന്ന ഗ്രിഗോറിയന്‍ സ്റഡി സര്‍ക്കിളിന്റെ അവധിക്കാല മലയാളം പഠന ക്ളാസിന്റെ ആറാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുമിച്ച് സമ്മേളിച്ച് നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള ഒരു വേദിയായിത്തീരട്ടെ ജി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം ആശംസിക്കുകയുണ്ടായി.

വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ജി.എസ്.സി പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ പാസ്റര്‍ ഷാജി ദാനിയേല്‍, പ്രധാന അധ്യാപിക സൂസന്‍ വര്‍ഗീസ്, പി.ടി.എ പ്രതിനിധി പോള്‍ വര്‍ഗീസ്, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ഷാരോണ്‍ സിബി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുകയും, ക്ളാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കാര്‍സ്ഡെയില്‍ റോഡിലെ ഹാരിസ് കൌണ്ടി പാര്‍ക്കര്‍ വില്യംസ് ലൈബ്രറിയില്‍ വെച്ച് ജൂണ്‍, ജൂലൈ, ഓഗസ്റ് മാസങ്ങളില്‍ ഹൂസ്റണ് ചുറ്റുപാടുമുള്ള വിവിധ സിറ്റികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

കഴിഞ്ഞ ആറുവര്‍ഷമായി അധ്യാപകരായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച സൂസന്‍ വര്‍ഗീസ്, ജെസി സാബു എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. കൂടാതെ അധ്യാപികമാരായി പ്രവര്‍ത്തിച്ചിരുന്ന ജയ്സി സൈമണ്‍, സെലിന്‍ ചാക്കോ എന്നിവരേയും വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച ആനി ജോര്‍ജ്, ഡോ. നിത ജോസഫ്, ഷീബാ തോമസ്, കുമാരിമാരായ അതുല്യ ജോണ്‍സണ്‍, ആഷ്ലി സാബു, ജാന്‍സി വര്‍ഗീസ് എന്നിവരെ കുട്ടികള്‍ പൂച്ചെണ്ടുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അതാത് ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കിയ കുടുംബങ്ങളെ യോഗം അഭിനന്ദിച്ചു.

6 മുതല്‍ 15 വയസുവരെ പ്രായമുള്ള രണ്ടു വിഭാഗങ്ങളായാണ് ക്ളാസുകള്‍ നടത്തിയിരുന്നത്. പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മെര്‍ലിന്‍ ജോസഫ്, ഇമ്മാനുവേല്‍ ബെന്‍സണ്‍ (ഗ്രൂപ്പ്-1), അലക്സിസ് സാബു, അലന്‍ ജോണ്‍സണ്‍ (ഗ്രൂപ്പ് -2) എന്നിവര്‍ക്കും, പെര്‍ഫെക്ട് അറ്റന്‍ഡന്‍സ് ഉള്ള മറ്റ് 13 കുട്ടികള്‍ക്കും മുഖ്യാതിഥി റ്റോം ഏബ്രഹാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗ്രൂപ്പ് 1-ലെ കുട്ടികളുടെ സംഘഗാനം, ജോഷ്വാ വര്‍ഗീസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ആക്ഷന്‍ സോംഗ്, ദാനിയേലാ പോള്‍, അലന്‍ ജോണ്‍സണ്‍ എന്നിവരുടെ ചെറുകഥകളും, ഷെര്‍വിന്‍ ഫിലിപ്പിന്റെ മലയാള കവിതയും, നതാനിയേല്‍ ചാക്കോ, ഫെസ്കില്‍ ചാക്കോ, അലക്സിസ് സാബു, ആഷ്ലി സാബു, ജോര്‍ജ് കുരുവിള എന്നിവരുടെ സോളോ ഗാനവും, ജോഷ്വാ, സാനിയാ രാജന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ സംഘഗാനവും, ക്രിസ്റി തോമസ്, അതുല്യാ ജോണ്‍സണ്‍ എന്നിവര്‍ വായിച്ച വാദ്യോപകരണങ്ങളായ പിയാനോ, വയലിന്‍ എന്നിവയും, ഏയ്ഞ്ചല്‍ സന്തോഷ്, സെലിന്‍ ജോസ്, ദാനിയേലാ പോള്‍ എന്നിവരുടെ മനോഹരമായ നൃത്തങ്ങള്‍ കൂടാതെ ജി.എസ്.സി ടീമിന്റെ സംഘഗാനങ്ങളും കാണികളില്‍ ആനന്ദമുളവാക്കി. യോഗത്തില്‍ ജി.എസ്.സി ട്രഷറര്‍ കെ.ജി. ബാബു സ്വാഗതവും, സെക്രട്ടറി സതീഷ് രാജന്‍ കൃതജ്ഞതയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം