മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ ഓണാഘോഷം വര്‍ണാഭമായി
Monday, September 8, 2014 9:02 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടേറിയായുടെ ഈ വര്‍ഷത്തെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ നോബിള്‍ പാര്‍ക്ക് സെക്കന്‍ഡറി കോളജ് ഓഡിറ്റോറിയത്തില്‍ അസോസിയേഷന്റെ കമ്മിറ്റി അംഗം ഗോപകുമാറിന്റെയും ഗീതയുടേയും നേതൃത്വത്തില്‍ പൂക്കളം ഇട്ടുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഉച്ചക്ക് 25 ല്‍പരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ മലയാളികള്‍ക്ക് പുത്തന്‍ അനുഭമായി. ഉച്ചകഴിഞ്ഞ് മൂന്നിന് മെല്‍ബണ്‍ സ്റ്റാറിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ മാവേലി തമ്പുരാനേയും വിശിഷ്ടാതിഥിയായി എത്തിയ പ്രശസ്ത സിനിമാ താരം സ്ഫടികം ജോര്‍ജിനേയും ഹാളിലേക്ക് ആനയിച്ചു.

ഗ്രീഷ്മാ ഗോപകുമാറിന്റെ നേതൃത്വത്തിലുളള സ്വാഗത ഡാന്‍സോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. അസോസിയേഷന്റെ പ്രസിഡന്റ് ജി.കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജി മുണ്ടയ്ക്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സ്ഫിടികം ജോര്‍ജും മറ്റ് വിശിഷ്ഠ വ്യക്തികളും അസോസിയേഷന്റ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പഴയ മലയാളികളെ പ്രതിനിധീകരിച്ച് അസോസിയേഷന്റെ മുന്‍ ഭാരവാഹി കൂടിയായ സി. ജോയി, ഫാ. ഫ്രെഡിനാല്‍ പത്രോസ്, എസ്എന്‍ഡിപി മിഷന്‍ ഭാരവാഹി കൃഷ്ണകുമാര്‍, പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സി.പി. സാജു, മാള്‍വിന്‍ മലയാളി അസോസിയേഷനുവേണ്ടി സഞ്ജയ് മുത്തേടത്ത്, ഗ്ളോബല്‍ മലയാളി കൌണ്‍സിലിനുവേണ്ടി സെബാസ്റ്യന്‍ ജയ്ക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്റെ പുതിയ ലോഗോയും സുവനിയറും സ്ഫടികം ജോര്‍ജും ജി.കെ. മാത്യുവും ചേര്‍ന്ന് പ്രകാശനം ചെയ്തു.

സ്പോണ്‍സര്‍മാരായ ബൈജു ചില്ലിബോളും സെബി ഇവന്‍ സ്റ്റാറിനും സുവനിയറിന്റെ കോപ്പി നല്‍കി സ്ഫടികം ജോര്‍ജ് നിര്‍വഹിച്ചു. മെല്‍ബണിലെ വിവിധ കൂട്ടായ്മകളുടെ കലാപരിപാടികള്‍ നിലവാരം കൊണ്ടും വ്യത്യസ്ത പുലര്‍ത്തി. കലാമണ്ഡലം ശ്രീദേവിയുടെ ഭരതനാട്യവും സിനിമാതാരം സുനിതയുടെ മനോഹരമായ ഗാനവും പ്രേക്ഷകര്‍ ആസ്വദിച്ചു. നോര്‍ത്തേന്‍ സൈഡിലെ കുട്ടികളുടെ മാര്‍ഗം കളി ഏറെ ശ്രദ്ധേയമായി. ബോളിവുഡ് ഡാന്‍സ്, പഞ്ചാബി ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ സദസിന്റെ കൈയടി വാങ്ങി. തോമസ് വാതപ്പളളി ഏവര്‍ക്കും നന്ദി പറഞ്ഞു.

പ്രതീഷ് മാര്‍ട്ടിന്‍, സജി മുണ്ടയ്ക്കല്‍, ഗോപകുമാര്‍, മദനന്‍ ചെല്ലപ്പന്‍, ജിബിന്‍ പല്ലിശേരി, ടിനു അങ്കമാലി, ജെറി ജോണ്‍, ഷൈജ കുരുട്കുളം, ഇന്നസെന്റ്, വിനോദ്, ജിനോ, സന്തോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്നുളള യൂണിക് ടെക്, ചില്ലി ബോള്‍, പിഎഫ്ജി മണി, ഇവന്റ് സ്റാര്‍, എഎ ടാക്സ് ഏജന്‍സി എന്നിവര്‍ ആയിരുന്നു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍