കാന്‍ബറയില്‍ തിരുനാള്‍ ഒക്ടോബര്‍ മൂന്നുമുതല്‍ അഞ്ചുവരെ
Saturday, September 6, 2014 5:40 AM IST
കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി.

ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് തിരുനാള്‍. ഇതിനു മുന്നോടിയായി ഒമ്പത് ആഴ്ചകള്‍ നീളുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന നടന്നുവരുന്നു.

മൂന്നിന് (വെള്ളി) വൈകുന്നേരം ആറിന് യാരലുംല സെന്റ്സ് പീറ്റര്‍ ചന്നെല്‍സ് പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും.

നാലിന് (ശനി) ഇടവക ദിനമായി ആഘോഷിക്കും. രാവിലെ ഒമ്പതു മുതല്‍ കാന്‍ബറ സിറ്റിയിലെ ബ്രാട്ടെന്‍ മെറിചി കോളജില്‍ ആണ് പരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാ കായിക മത്സരങ്ങള്‍ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഓസ്ട്രലിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വൈദികര്‍ തിരുനാള്‍ കര്‍മങ്ങളില്‍ കാര്‍മികരാകും.

സുറിയാനി കത്തോലിക്കാ രീതിയില്‍ കേരളീയ തനിമ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടു തിരുസ്വരൂപങ്ങളും മുത്തുക്കുടകളും പൊന്‍, വെള്ളി കുരിശുകളും കൊടിതോരണങ്ങളും വാദ്യഘോഷങ്ങളും ആയി നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം തിരുനാളിന്റെ പ്രത്യേകതയാണ്.

തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ. വര്‍ഗീസ് വാവോലിയുടെ നേതൃത്വത്തില്‍ 26 അംഗ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. ജോയി പാലിയക്കര, ടിജോ വര്‍ഗീസ്, ടോമി സെബാസ്റ്യന്‍, റീജോ അഗസ്തി, പ്രിന്‍സ് പാലാട്ടി, ബിജു ജോസഫ്, പി.വി ജോര്‍ജ്, സോനാ ജെറി, ലാല്‍ (ഏബ്രഹാം), തോമസ് ആന്റണി തുടങ്ങിയവരാണ് ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ഥന സഹായത്തിനും ഫാ. വര്‍ഗീസ് വാവോലി 0431748521.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍