ആര്‍ഡീര്‍ പള്ളിയില്‍ എട്ടു നോമ്പ് തിരുനാള്‍
Wednesday, September 3, 2014 5:56 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ വെസ്റ് റീജിയണിന്റെ നേതൃത്വത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടു നോമ്പ് തിരുനാള്‍ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) മെല്‍ബണിലെ ആര്‍ഡീറിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

തിരുനാളിനൊരുക്കമായുള്ള നൊവേന ഓഗസ്റ് 31 ന് ആരംഭിച്ചു. ഫാ. സാബു ആടുമാക്കില്‍ കൊടിയേറ്റ് നിര്‍വഹിച്ച് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

ആറിന് വൈകുന്നേരം ഏഴിന് തിരുക്കര്‍മ്മങ്ങള്‍ക്കും തുടര്‍ന്ന് നടക്കുന്ന തിരി പ്രദക്ഷിണത്തിനും മുന്‍ വികാരി ഫാ. പീറ്റര്‍ കാവുംപുറം നേതൃത്വം നല്‍കും. തിരുനാള്‍ ദിനമായ ഏഴിന് (ഞായര്‍) 2.30 ന് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതാധ്യഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും നൊവേനയും നടക്കും. ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ടോമി കളത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ ജാതിമത ഭേദമെന്യെ മെല്‍ബണിലെയും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. വെസ്റ് റീജിയണിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ടമേളവും ബാന്‍ഡ്സെറ്റും പ്രദക്ഷിണത്തിന് കൊഴുപ്പേകും.

തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും ദീപങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയത് കേരളത്തിലെ തിരനാളുകളെ ഓര്‍മിപ്പിക്കുന്നു. പ്രസുദേന്തിമാരായി 16 പേരാണ് ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തുനടത്തുന്നത്. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ പയസ് പോള്‍, ട്രസ്റിമാരായ ജോണ്‍ ജോസഫ്, ജോമിന്‍ ജോസ്, റോബി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍