ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണം
Friday, August 29, 2014 2:58 AM IST
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും ഭക്ത്യാദരവുകളോടെ ആചരിക്കുന്ന എട്ടുനോമ്പ് ഓഗസ്റ് 30-ന് ശനിയാഴ്ച തുടക്കംകുറിച്ച് സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച സമാപിക്കും. എട്ടുനോമ്പാചരണത്തിനും, ശേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവായുടെ ദുഖ്റോനയ്ക്കും, വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനുമുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇടവക വികാരി റവ.ഫാ. ജോസഫ് വര്‍ഗീസ് അറിയിച്ചു. മുഖ്യപെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. എല്ലാദിവസവും രാവിലെ പ്രഭാത നമസ്കാരം, ധ്യാനം, ഉച്ചനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈകുന്നേരം വിശുദ്ധ കുര്‍ബാനയര്‍പ്പണം, ധ്യാന പ്രസംഗം മുതലായ ആത്മീയ ശുശ്രൂഷകളും, മറ്റ് പരിപാടികളുമാണ് ഈവര്‍ഷം ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പള്ളിയില്‍ ധ്യാനനിമഗ്നരായി ഇരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ട സൌകര്യങ്ങളും ഒരുക്കുന്നതാണ്. സെപ്റ്റംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന അഖണ്ഡ പ്രാര്‍ത്ഥന സന്ധ്യാനമസ്കാരത്തോടെ സമാപിക്കും.

ഓഗസ്റ് 31-ന് ഞായറാഴ്ച റവ.ഫാ. ജോസഫ് വര്‍ഗീസ് വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ റവ.ഫാ. ജേക്കബ് ജോസ് (ക്നാനായ അതിഭദ്രാസനം)- തിങ്കള്‍, റവ.ഫാ.ഡോ. എ.പി ജോര്‍ജ് (ചൊവ്വ), റവ.ഫാ. സൈമണ്‍ വര്‍ഗീസ് അജോ (ബുധന്‍, വ്യാഴം), റവ.ഫാ. വിജു ഏബ്രഹാം (വെള്ളി) എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കും നമസ്കാരത്തിനും ധ്യാനയോഗത്തിനും നേതൃത്വം നല്‍കും. മലങ്കരയുടെ പ്രകാശ ഗോപുരം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവായുടെ പതിനെട്ടാമത് ദുക്റോനോ സെപ്റ്റംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച ആചരിക്കും. റവ.ഫാ. ജേക്കബ് ജോസ് ദുക്റോനോ പെരുന്നാളിന് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. മുഖ്യ പെരുന്നാള്‍ ദിനമായ ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന് വിശുദ്ധ കുര്‍ബാനയും ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

അനുഗ്രഹങ്ങളുടെ ഉറവിടവും, അശരണരുടെ ആശ്വാസവും, അഗതികളുടെ സങ്കേതവുമായ ഭാഗ്യവതിയായ ദൈവമാതാവിന്റെ മഹാമധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ജാതി മത ഭേദമെന്യേ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വികാരിയുടെ നേതൃത്വത്തിലും മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെ സഹകരണത്തിലും വിപുലമായ ഒരുക്കങ്ങള്‍ പെരുന്നാള്‍ വിജയത്തിനായി ചെയ്തുവരുന്നു. പ്രാര്‍ത്ഥനയ്ക്കുള്ള പേരുകള്‍, പ്രാര്‍ത്ഥനാ വിഷയങ്ങള്‍, പെരുന്നാള്‍ ഏറ്റുകഴിക്കാന്‍ ഓഹരി മുതലായവയ്ക്ക് ഭരണസമിതിയുമായി ബന്ധപ്പെടുക.

വിലാസം: ആലൃഴമി എശലഹറ ട. ങമ്യൃ ട്യൃശമി ഛൃവീേറീഃ ഇവൌൃരവ, 173 ചീൃവേ ണമവെശിഴീി അ്ല, ആലൃഴമിളശലഹറ, ചഖ 07621. ംലയ: ംംം.ാമ്യൃയെലൃഴമി.ീൃഴ, ഋാമശഹ: ാമ്യൃയെലൃഴമി@ഴാമശഹ.രീാ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് വര്‍ഗീസ് (വികാരി) 845 242 8899, ജോര്‍ജ് എം. ജോര്‍ജ് (വൈസ് പ്രസിഡന്റ്) 201 836 0935, ഏബ്രഹാം മാത്യു പെരുമാനൂര്‍ (സെക്രട്ടറി) 201 383 5988, ജോയി വര്‍ഗീസ് (ട്രഷറര്‍) 201 724 2287, ബേസില്‍ മാത്യു (ജോ. ട്രഷറര്‍) 201 245 2875. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം