ബാംഗളൂരിലുടനീളം സൌജന്യ വൈ-ഫൈ ഉടന്‍: മന്ത്രി
Tuesday, August 19, 2014 3:49 AM IST
ബാംഗളൂര്‍: നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ മാത്രം ഇപ്പോള്‍ ലഭ്യമാകുന്ന സൌജന്യ വൈ-ഫൈ സേവനം ഒരു വര്‍ഷത്തിനുള്ളില്‍ നഗരം മുഴുവന്‍ ലഭ്യമാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബയോടെക്നോളജി വകുപ്പുമന്ത്രി എസ്.ആര്‍.പാട്ടീല്‍. ഇതോടെ രാജ്യത്തെ ആദ്യ സൌജന്യ വൈ-ഫൈ നഗരമായി ബാംഗളൂര്‍ മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാഗല്‍കോട്ട് നഗരത്തിലെ ചില പോയിന്റുകളില്‍ സൌജന്യ വൈ-ഫൈ സേവനം സ്വാതന്ത്യ്രദിനം മുതല്‍ ലഭ്യമായിത്തുടങ്ങിയെന്നും വൈകാതെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ബാംഗളൂര്‍ നഗരത്തിലെ മഹാത്മാഗാന്ധി റോഡ്, ശാന്തിനഗര്‍, കോറമംഗല -യശ്വന്ത്പുര ബസ്സ്റാന്‍ഡുകള്‍, ചിന്മയ മിഷന്‍ ഹോസ്പിറ്റല്‍ 100 ഫീറ്റ് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സൌജന്യ വൈ-ഫൈ സേവനമുള്ളത്. ഇതുകൂടാതെ മൈസൂര്‍ നഗരം, റൂറല്‍ ബസ് സ്റാന്‍ഡുകള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകള്‍, ബാഗല്‍കോട്ടിലെ വിദ്യാഗിരി എന്നിവിടങ്ങളിലും സൌജന്യ വൈ-ഫൈ സേവനമുണ്ട്. ബാംഗളൂര്‍ നഗരത്തിലെ ട്രാഫിക് ആന്‍ഡ് ട്രാന്‍സിറ്റ് മാനേജ്മെന്റ് സെന്റര്‍, കെംഗേരിയിലെ സാറ്റലൈറ്റ് ബസ്സ്റാന്‍ഡ്, ശിവാജി നഗര്‍, ജയനഗര്‍, ബാനഷാങ്കാരി, വിജയ് നഗര്‍ എന്നിവിടങ്ങളിലും ഉടന്‍ വൈ-ഫൈ സേവനം ലഭ്യമാക്കും. -മന്ത്രി പറഞ്ഞു.

നഗരം മുഴുവന്‍ സൌജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുകയെന്നതു ഏറെ ദുഷ്കരമായ കാര്യമാണെന്നും അതിനാലാണ് ഒരു വര്‍ഷത്തെ സമയബന്ധിത പദ്ധതിയായി ഇതു തീരുമാനിച്ചതെന്നും ഐടി സെക്രട്ടറി ശ്രീവാസ്തവ കൃഷ്ണ പറഞ്ഞു. നിലവില്‍ നഗരത്തിലെ സൌജന്യ വൈ-ഫൈ സേവനം ആയിരത്തോളം പേര്‍ പ്രതിദിനം പ്രയോജനപ്പെടുത്തുന്നുണ്ട്. സൌജന്യ വൈ-ഫൈ സേവനം ഉപയോഗപ്പെടുത്താനായി ഉപയോക്താക്കള്‍ക്ക് പുതുതായി എട്ടക്ക പാസ്വേഡ് ഏര്‍പ്പെടുത്തും. പരമാവധി 50 എംബി വരെ ഡൌണ്‍ലോഡ് ചെയ്യാനാവത്തക്ക വിധം പ്രതിദിനം മൂന്നു മണിക്കൂര്‍ വരെ സൌജന്യസേവനം ഒരാള്‍ക്ക് ഉപയോഗപ്പെടുത്താം. ഈ സൌജന്യസേവനം ബാംഗളൂര്‍ നഗരത്തില്‍ മുഴുവനും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഏര്‍പ്പെടുത്താനായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ആറു സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. അവര്‍ മുന്നോട്ടുവച്ച പ്രപ്പോസലുകള്‍ പരിശോധിച്ചുവരികയാണ്. സര്‍വീസ് പ്രൊവൈഡര്‍മാരില്‍നിന്നും ഉടന്‍ ടെന്‍ഡര്‍ സ്വീകരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. സൌജന്യ വൈ-ഫൈ സേവനം ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് എങ്ങനെ പ്രതിഫലം നല്‍കാമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണ്. പരസ്യം ചെയ്യാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയെന്നതാണ് ഇതില്‍ പ്രധാനം-ഐടി സെക്രട്ടറി ശ്രീവാസ്തവ കൃഷ്ണ വ്യക്തമാക്കി.