ഇന്ത്യയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുക: ഇസ്മായേല്‍ റാവുത്തര്‍
Monday, August 18, 2014 6:33 AM IST
മെല്‍ബണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളായ നമ്മള്‍ അഭിമാനിക്കണമെന്നും ലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ ഭാരതത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും നോര്‍ക -റൂട്സ് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍. ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ഘടനയിലും രാജ്യത്തെ വളര്‍ച്ചാ നിരക്കിലും ഇന്ത്യ പുരോഗതിയുടെ പാതയിലാണ് എന്നും ഇനി യുവാക്കളുടെ വിജയത്തിന്റെ കഥയുടെ ഇന്ത്യയെ നമുക്ക് കാണാമെന്നും ഇസ്മായേല്‍ പറഞ്ഞു. ജോസ് എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ മെല്‍ബണ്‍ ഡാന്‍ന്റിനോംഗിലെ ഗോല്ലേ റോഡ് ഹോട്ടലിലാണ് പ്രൌഡഗംഭീരമായ സ്വാതന്ത്രദിന ചടങ്ങുകള്‍ നടന്നത്. ഇന്ത്യയുടെ 68-ാമത് സ്വാതന്ത്ര ദിനാഘോഷം ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ ആചരിച്ചു.

ഇന്ത്യയുടെ സമ്പത്തും ബ്രിട്ടീഷുകാരും എന്ന വിഷയത്തില്‍ ജോര്‍ജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. കച്ചവടത്തിന് വന്നു നാടിന്റെ ഭരണാധികാരികളായി മാറിയ ബ്രിട്ടീഷ് കൌശലത്തിനെതിരെ പോരാടാന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രം കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യ്രമെന്നും ബ്രിട്ടീഷ് സംഘബലത്തിന് മുന്നില്‍ മനക്കരുത്ത് കൊണ്ടും പോരാട്ട വീര്യം കൊണ്ടും തളരാതെ പോരാടിയ നമ്മുടെ ധീരദേശാഭിമാനികളെ ഈ അവസരത്തില്‍ സ്മരിക്കാം എന്നും ജോര്‍ജ് തോമസ് പറഞ്ഞു.

തുടര്‍ന്ന് ഇസ്മായേല്‍ റാവുത്തര്‍ സ്വാതന്ത്രദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ സംഘടന നേതാക്കളായ ജി.കെ മാത്യു, ജോണി മറ്റം, ബെന്നി കോടാമ്പള്ളില്‍, പ്രസാദ് ഫിലിപ്പ്, നസീര്‍ തൃപ്പറയാര്‍, പ്രിന്‍സ് ഏബ്രഹാം, ജോസ് ബേബ, സജി മുണ്ടക്കന്‍, തോമസ് വാതപ്പള്ളി, ഡോ. ഷാജു കുത്തനാവള്ളി, ജോജി കാഞ്ഞിരപ്പള്ളി, ജോണ്‍സന്‍ മാമലശേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജിബി ഫ്രാങ്ക്ലിന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് എം ജോര്‍ജ്