കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ് 30 മുതല്‍
Thursday, August 14, 2014 6:13 AM IST
ബാംഗളൂര്‍: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളി യുവാക്കള്‍ക്കായി 30, 31 തിയതികളില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു. ഇന്ദിരാ നഗര്‍ അഞ്ചാം ക്രോസിലുള്ള കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ് കാമ്പസിലെ മൂന്നു വേദികളിലായാണ് പരിപാടി നടക്കുന്നത്.

പദ്യംചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, സംഘനൃത്തം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, മിമിക്രി, മോണോആക്ട്, കുച്ചിപ്പുടി, ദഫ്മുട്ട്, പ്രംസംഗം എന്നീ ഇനങ്ങളില്‍ സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ഇനങ്ങളിലും കലാതിലകത്തെയും പ്രതിഭയെയും തെരഞ്ഞെടുക്കും. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും പ്രതിഭയെയും തെരഞ്ഞെടുക്കുന്നത്. നൃത്ത-നൃത്ത്യങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം.

ആലോചനാ യോഗത്തില്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെജി കുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി ഡോ. ചിന്നന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജെയ്ജോ ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20 നു മുമ്പായി പേര് രജിസ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കു ഫോണ്‍: 9844037281, 9448367281.