സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ സംഭാവന വിലമതിക്കാനാവാത്തത്: സിദ്ധരാമയ്യ
Tuesday, August 12, 2014 6:05 AM IST
ബാംഗളൂര്‍: സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് രാജ്യത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ അവികസിതമായ ഗ്രാമീണമേഖലയില്‍ ആതുരസേവന രംഗത്ത് സെന്റ് ജോണ്‍സില്‍നിന്നും മെഡിക്കല്‍ ബിരുദംനേടിയവര്‍ അര്‍പ്പണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെസുവര്‍ണജൂബിലി ആഘോഷങ്ങളുടെസമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമീണമേഖലയില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ വൈമുഖ്യംകാട്ടുന്ന ഇക്കാലത്ത് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണസേവനമെന്ന സെന്റ് ജോണ്‍സിന്റെ നിലപാട് ആദരിക്കപ്പെടേണ്ടതാണ്. പരിപാവനമാണ് മെഡിക്കല്‍ സേവനരംഗം. ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ദയയും മനുഷ്യത്വവുമുള്ളവരായിരിക്കണം. രോഗികളോടു കരുണയും സഹാനുഭൂതിയും പുലര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ അധ്യക്ഷനായിരുന്നു. സെന്റ് ജോണ്‍സ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ്, ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ഡോ. ശരണ്‍ പ്രകാശ് പാട്ടീല്‍, എമ്മാവൂസ് സ്വിസ് ലപ്രസി മിഷന്‍ ഡയറക്ടര്‍ ഡോ. അബ്രണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് ഡിസൂസ സ്വാഗതം പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഐവാന്‍ ഡയസ് എന്നിവരുള്‍പ്പെടെ നിരവധി ബിഷപ്പുമാരും വൈദികരും സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുന്‍ ഡയറക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു.