ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാവുന്നു
Thursday, July 31, 2014 8:51 AM IST
ഡാളസ്: കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിംഗ് വാലിറോഡില്‍ നിര്‍മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായ കെഎച്ച്എസ് സ്പിരിച്വല്‍ ഹാള്‍ 2014 ഓഗസ്റില്‍ പൂര്‍ത്തിയാവുന്നു. മൂന്നുറോളം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കെട്ടിടത്തില്‍ വിശാലമായ ഒരു അടുക്കളയും സജ്ജീകരിച്ചിരിക്കുന്നു.

കെട്ടിട നിര്‍മാണത്തില്‍ കേരളത്തനിമ ഉള്‍ക്കൊള്ളിക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്െടന്ന് കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായര്‍ അറിയിച്ചു. പൂജാരിക്ക് താമസിക്കുവാനുളള അപ്പാര്‍ട്ട്മെന്റ് ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി നിര്‍മിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന് പുതുതായി നിര്‍മിച്ച ഹാളില്‍ നടത്താന്‍ സാധിക്കുന്നത് അഭിമാനിക്കാവുന്ന ഒരു നേട്ടമാണെന്ന് കെഎച്ച്എസ് ട്രസ്റ്റി ചെയര്‍ വിലാസ് കുമാര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍