കാതോലിക്ക ബാവാ ശ്ളൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍
Thursday, July 31, 2014 6:29 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 15 ദിവസത്തെ ശ്ളൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തും. മലങ്കരസഭാ വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കൊനാട്ട്, അല്‍മായ ട്രസ്റി ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് തുടങ്ങി സഭയിലെ പ്രമുഖരായ വൈദീകഅല്‍മായ നേതാക്കന്മാരും പരിശുദ്ധ കാതോലിക്ക ബാവയെ അനുഗമിക്കുന്നുണ്ട്.

മലങ്കര സഭയുടെ സൌത്ത് വെസ്റ് അമേരിക്ക, നോര്‍ത്ത് ഈസ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിശ്വാസ സമൂഹത്തെ നേരില്‍ കാണുവാനും അനുഗ്രഹങ്ങള്‍ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സെപ്റ്റംബര്‍ 20ന് (ശനി) ഹൂസ്റണ്‍ ഊര്‍ഷ്ലെം അരമനയില്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും ചേര്‍ന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.

25ന് ന്യുയോര്‍ക്കിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവക്ക് 27 ന് (ശനി) നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും ചേര്‍ന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.

അമേരിക്കയിലെ വിവിധ ദേവാലങ്ങളില്‍ പരിശുദ്ധ പിതാവിനും സഘത്തിനും സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനം പരിശുദ്ധ കാതോലിക്കാബാവയും സംഘവും കേരളത്തിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം