ഇടയ ശ്രേഷ്ഠന് കാനായുടെ അനുമോദനം
Tuesday, July 29, 2014 3:52 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ടിന് ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഹൃദയംഗമമായ അഭിനന്ദനങ്ങളും അനുമോദനങ്ങളും നേര്‍ന്നു. വിശ്വാസതീക്ഷണതയും സഭയോടുള്ള പൂര്‍ണ വിധേയവും ഉറച്ച നീതിബോധവും നിഷ്കളങ്കമായ എളിമയും സൌമ്യമായ പെരുമാറ്റവും ചേര്‍ന്ന ജോയി അച്ചന്റെ ശ്രേഷ്ഠ വ്യക്തിത്വം ബിഷപ് പദവിയിലേക്ക് ഉയര്‍ത്തുവാന്‍ അനുയോജ്യനാക്കിയെന്ന് കാനാ ഉറച്ചു വിശ്വസിക്കുന്നു.

വടക്കേ അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇടവകകളുമായി അനസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ സഭയ്ക്ക് മാര്‍ അങ്ങാടിയത്ത് നല്‍കുന്ന പ്രശംസനീയമായ നേതൃത്വത്തിന് തുണയാകുവാന്‍ ജോയി അച്ചന്റെ പുതിയ നിയമനം അവസരമാകട്ടെ എന്ന് കാനാ ആശംസിച്ചു.

നിയുക്ത ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് ഒട്ടാകെ അഭിമാന നിമിഷമാകുന്നതും ആധ്യാത്മിക നിര്‍വൃതി നല്‍കുന്നതുമായ ഒരു സന്ദര്‍ഭമാക്കി മാറ്റുവാന്‍ എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നും പ്രത്യേകം പ്രാര്‍ഥിക്കണമെന്നും കാനാ അഭ്യര്‍ഥിച്ചു.

ജൂലൈ 27-ന് (ഞായര്‍) എല്‍മസ്റില്‍ ചേര്‍ന്ന കാനായുടെ മീറ്റിംഗില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് സാലു കാലായില്‍ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു.

പിആര്‍ഒ ജോസഫ് മുല്ലപ്പള്ളി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം