സന്ന്യാസാര്‍ഥിനിക്കുനേരെയുണ്ടായ പീഡനം: കര്‍ശന നടപടി വേണമെന്ന് ആര്‍ച്ച്ബിഷപ്
Saturday, July 26, 2014 7:27 AM IST
ബാംഗളൂര്‍: ബുധനാഴ്ച ഹെന്നൂരിലെ കോണ്‍വന്റില്‍ അതിക്രമിച്ചു കടന്ന് സന്ന്യാസാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം കോണ്‍വന്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. നിഷ്കളങ്കയായ ഈ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിനൊപ്പം താനും അപലപിക്കുന്നു. പെണ്‍കുട്ടി അംഗമായ സന്ന്യാസിനിസമൂഹത്തോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും പ്രാര്‍ഥനാപരമായ പിന്തുണ അറിയിക്കുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഏറിവരുന്നതില്‍ പൊതുസമൂഹ ത്തിനൊപ്പം തനിക്കും അതിയായ പ്രതിഷേധമുണ്ട്.-ആര്‍ച്ച്ബിഷപ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്േടാടെയാണ് കോണ്‍വന്റില്‍ അതിക്രമിച്ചു കടന്ന രണ്ട് അപരിചിതര്‍ താഴത്തെ നിലയിലെ മുറിയിലായിരുന്ന ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെ മുഖത്തു സ്പ്രേ അടിച്ച് ബോധം കെടുത്തിയശേഷം പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ മൂന്ന് അന്തേവാസികള്‍ കോണ്‍വന്റിന്റെ മുകള്‍നിലയിലെ മുറികളിലായിരുന്നു. പെട്ടെന്ന് സ്പേ അടിച്ച് ബോധം കെടുത്തിയതിനാല്‍ സംഭവത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞുമില്ല. പീഡനത്തിനുശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ ഇടതുകൈയില്‍ നിങ്ങള്‍ പണം തന്നില്ലെങ്കില്‍ ഫോട്ടോകള്‍ പരസ്യമാക്കുമെന്ന സന്ദേശവും എഴുതിവച്ചിരുന്നു.

പ്രതികളെ കണ്െടത്താന്‍ രണ്ടു അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്െടന്നു ഡിസിപി സതീഷ്കുമാര്‍ പറഞ്ഞു. കോണ്‍വന്റ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരവധി അന്യസംസ്ഥാന തൊഴിലാളികളും വിദേശവിദ്യാര്‍ഥികളും വാടകയ്ക്കു താമസിക്കുന്നുണ്െടന്നും ഇവരുടെ നീക്കം പരിശോധിച്ചുവരികയാണെന്നും ഡിസിപി വ്യക്തമാക്കി. അതേസമയം, കോണ്‍വന്റ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം വ്യാപകമാണെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു.