ഫാ. പീറ്റര്‍ കാവുംപുറത്തിന് യാത്രയയപ്പു നല്‍കി
Tuesday, July 8, 2014 8:13 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി കഴിഞ്ഞ മൂന്നര വര്‍ഷത്തോളം അജപാലനം നിര്‍വഹിച്ച ഫാ. പീറ്റര്‍ കാവുംപുറം ക്യൂന്‍സിലാന്‍ഡിലെ എപ്പിസ്കോപ്പല്‍ വികാരിയായും ബ്രിസ്ബന്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ഫുള്‍ടൈം ചാപ്ളെയിനുമായി സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിയമിച്ചു.

ജൂലൈ ഒമ്പതിന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് പീറ്റര്‍ അച്ചന്‍ മെല്‍ബണില്‍ നിന്ന് ബ്രിസ്ബനിലേക്ക് യാത്രയാകും.

2011 ഫെബ്രുവരിയിലാണ് ഫാ.പീറ്റര്‍ കാവുംപുറം മെല്‍ബണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്യത്തെ ഫുള്‍ടൈം ചാപ്ളെയിനായി ചാര്‍ജെടുക്കുന്നത്. മെല്‍ബണിലെ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് ഒരു മുഴുവന്‍ സമയ ചാപ്ളെയിനെ അനുവദിച്ചു കിട്ടിയത്. ഏകദേശം 140 രജിസ്റര്‍ ചെയ്ത കുടുംബങ്ങളും 5 സെന്ററുകളിലായി മാസത്തില്‍ നാലു വി.കുര്‍ബാനയുമാണ് മെല്‍ബണില്‍ ഉണ്ടായിരുന്നത്.

മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ ചിതറികിടക്കുന്ന സീറോ മലബാര്‍ കുടുംബങ്ങളെ അച്ചന്‍ നേരില്‍ കാണുകയും വളര്‍ന്നു വരുന്ന തലമുറയെ ക്രിസ്തീയ വിശ്വാസത്തിില്‍ വളര്‍ത്തുവാന്‍ ആവശ്യമായ മതബോധന ക്ളാസുകളും സ്വന്തമായ ദേവാലയങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ മെല്‍ബണിലെ മൂന്ന് റീജിയണുകളിലും എല്ലാ ഞായറാഴ്ചയും മതബോധനവും 12 സെന്ററുകളിലായി വി.കുര്‍ബാനയും നടന്നു വരുന്നു.

മെല്‍ബണിലും സമീപ പ്രദേശങ്ങളിലും ഉള്ള സീറോ മലബാര്‍ വൈദികരെ വിവിധ സെന്ററുകളില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ നിയോഗിക്കുന്നതില്‍ പീറ്റര്‍ അച്ചന്റെ നേതൃത്വ പാടവം എടുത്തു പറയേണ്ടതാണ്.

മെല്‍ബണിലെ സീറോ മലബാര്‍ സമൂഹത്തിന് സ്വന്തമായി ഒരു സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചത് പീറ്റര്‍ അച്ചന്റെ കഠിനപ്രയത്നത്തിന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ്. മെല്‍ബണിലെ മിക്കലമില്‍ നോര്‍ത്ത്-വെസ്റ് റീജിയണ്‍ വാങ്ങിയ 15 ഏക്കര്‍ സ്ഥലം, ഓസ്ട്രേലിയയില്‍ ആദ്യത്തേതും ഇന്ത്യയ്ക്കു പുറത്ത് സീറോ മലബാര്‍ സഭ സ്വന്തമാക്കിയ വലിയ സ്ഥലങ്ങളില്‍ ഒന്നുമാണ്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലെയല്ലാ ഈ മനോഹര പ്രദേശം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള രൂപതയുടെ കത്തീഡ്രല്‍ നിര്‍മിക്കുവാന്‍ പോകുന്നത്.

അച്ചന്‍ മുന്‍കൈ എടുത്ത് സൌത്ത്-ഈസ്റ് റീജിയണിന്റെ നേതൃത്വത്തില്‍ മെല്‍ബണിലെ ബാ3ഗ്ഹൊമില്‍ വാങ്ങിയ അഞ്ച് ഏക്കര്‍ സ്ഥലത്ത് ദേവാലയ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മൂന്ന് സ്ഥലങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് പീറ്റര്‍ അച്ചന്റെ കഴിവുറ്റ നേതൃത്വത്തിന്റെയും മെല്‍ബണ്‍ വിശ്വാസി സമൂഹത്തിന്റെയും ഒരുമയുടെയും ഫലമായാണ്.

റീജിയണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പാരിഷ് കൌണ്‍സില്‍,ബില്‍ഡിംഗ് കമ്മിറ്റി, മാതൃ സംഘം, സീറോ മലബാര്‍ യൂത്ത് ലീഗ്, ജീസസ് യൂത്ത്,ഗായക സംഘം, അള്‍ത്താര സംഘം തുടങ്ങിയവയിലൂടെ ഒരു കഴിവുറ്റ നേതൃത്വ നിരയെ അച്ചന് ഒരുക്കിയെടുക്കാന്‍ സാധിച്ചു.

സമീപഭാവിയില്‍ ബോസ്കോ പിതാവ് വിവിധ റീജിയണുകളെ ഇടവകകളായി പ്രഖ്യാപിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് മെല്‍ബണില്‍ ആത്മീയ അടിത്തറ പാകിയ ജോണ്‍ അറവുംകര അച്ചനും ആത്മീയതയോടൊപ്പംം ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കിയ പീറ്റര്‍ അച്ചനുമായിരിക്കും.

മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്റെയും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെയും നേതൃത്വത്തില്‍ മെല്‍ബണിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി വൈദികര്‍ ഒന്നുചേര്‍ന്ന് മിക്കലിമിലെ രൂപത കേന്ദ്ര ത്തില്‍ വച്ച് പീറ്റര്‍ അച്ചന് യാത്രയയപ്പ് നല്‍കി. ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍, ഫാ.ടോമി കളത്തൂര്‍, ഫാ.വര്‍ഗീസ് കരിശിങ്കല്‍, ഫാ.ജോസി, ഫാ. സാബു ആടിമാക്കന്‍ തുടങ്ങിയ വൈദികര്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന് ആശംസകള്‍ നേര്‍ന്നു.

മെല്‍ബണിലെ വിവിധ റീജിയണുകള്‍ നല്‍കിയ യാത്രയയപ്പിന് ചടങ്ങില്‍ ഫാ. പീറ്റര്‍ കാവുംപുറം നന്ദി അര്‍പ്പിച്ചു. ദൈവം എന്നിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മെല്‍ബണ്‍ സമൂഹത്തിന് ചെറിയ രീതിയില്‍ ചെയ്യാന്‍ സാധിച്ചു. ഓസ്ട്രേലിയയിലെ മറ്റുള്ള സമൂഹങ്ങള്‍ക്ക് മാതൃകയായി മെല്‍ബണ്‍ സമൂഹത്തെ ഒരുക്കുക എന്നതായിരുന്ന എന്റെ കര്‍ത്തവ്യം. സഭയുടെ അടിസ്ഥാന ശിലകളായ കുടുംബങ്ങളെ ദൈവോന്മുഖമായി വളര്‍ത്തുവാനുള്ള ശ്രമങ്ങളാണ് ഞാന്‍ നടത്തിയത്. തന്നെ സ്വീകരിച്ച, സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍