സൌത്ത് ഈസ്റ്റ് ഇടവക തിരുനാളും കുടുംബോത്സവവും ജൂലൈ ആറിന്
Monday, June 30, 2014 7:56 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭ സൌത്ത് ഈസ്റ്റ് ഇടവക മെല്‍ബണിലെ ഡാന്‍സിനോംഗ് സെന്റ് ജോണ്‍സ് കോളജില്‍ ജൂലൈ ആറിന് (ഞായര്‍) വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാളും ഇടവക ദിനവും കുടുംബോത്സവവും ഭക്തിനിര്‍ഭരമായി കൊണ്ടാടുമെന്ന് തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ചുളള കൊടിയേറ്റ് ജൂണ്‍ 29 ന് (ഞായര്‍) സമുചിതമായി ആഘോഷിച്ചു. സെന്റ് ജോണ്‍സ് ജൂണിയര്‍ കോളജില്‍ നടന്ന ചടങ്ങില്‍ പ്രസുദേന്തിമാരെ വാഴിക്കലും ലദീഞ്ഞ്, കുര്‍ബാന എന്നിവയും നടന്നു. 30ന് (തിങ്കള്‍) വാന്റിര്‍ണായില്‍ ഏഴിന് കുര്‍ബാനയും നൊവേനയും നടക്കും.

ജൂലൈ ഒന്നിന് (ചൊവ്വ) 6.30 ന് വൈകിട്ട് ഫ്രാക്സ്റ്റണില്‍ നൊവേനയും കുര്‍ബാനയും നടക്കും. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പളളിയിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഈ കുര്‍ബാനയിലും നൊവേനയിലും മാര്‍ ബോസ്കോ പുത്തൂര്‍ കാര്‍മികത്വം വഹിക്കും.

രണ്ടിന് (ബുധന്‍) വൈകിട്ട് ഏഴിന് ആര്‍ഡിയര്‍ ക്യൂന്‍ ഒഫ് ഹെധന്‍ ചര്‍ച്ചില്‍ കുര്‍ബാനയും നൊവേനയും നടക്കും.

മൂന്നിന് (വ്യാഴം) വൈകിട്ട് ഏഴിന് ദുക്റാന തിരുനാളിന്റെ കുര്‍ബാനയും നൊവേനയും ബോക്ക്സ് ഹില്‍ സെന്റ് പാസ്കല്‍ ചാപ്പലില്‍ നടക്കും. അന്നേ ദിവസം തന്നെ വൈകിട്ട് ഏഴിന് ക്രഗിബേണ്‍ പളളിയിലും കുര്‍ബാന ഉണ്ടായിരിക്കും.

നാലിന് (വെള്ളി) ഓക്പാര്‍ക്കിലും അഞ്ചിന് (ശനി) രാവിലെ 10.30 ന് മാല്‍വണ്‍ ഈസ്റ്റ് ഹോളി യൂക്കറിസ്റ്റ് പളളിയില്‍ കുര്‍ബാനയും നൊവേനയും നടക്കും. ആറിന് (ഞായര്‍) നടക്കുന്ന ഇടവക തിരുനാള്‍ 9.30 ന് ചെണ്ടമേളത്തോടെ തുടങ്ങും. 10 ന് ഫാ. സാബു ആടിമാക്കന്‍ സിഎംഐയുടെ നേതൃത്വത്തിലുളള ആഘോഷമായ പാട്ടു കുര്‍ബാനയും പ്രദക്ഷിണവും നടക്കും. ഉച്ച ഭക്ഷണത്തിനുശേഷം വിവിധ വാര്‍ഡുകള്‍ തയാറാക്കിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയ കുടുംബോത്സവം അരങ്ങേറും. തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് ചാപ്ളെയിനായി സ്ഥലം മാറി പോകുന്ന ഫാ. പീറ്റര്‍ കാവുംപുറത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കും.

ഇടവക തിരുനാളും യാത്രയയപ്പ് സമ്മേളനവും കുടുംബ ബാന്‍ഡും വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് തിരുനാള്‍ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്