ഓസ്ട്രേലിയയിലെ മലയാളി വിദ്യാര്‍ഥിനി രക്തം ദാനം ചെയ്തു
Saturday, June 28, 2014 8:12 AM IST
സിഡ്നി: രക്തദാന സന്ദേശം പകര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ നടത്തിയ കേരള മാരത്തോണ്‍ നല്‍കിയ ആവേശം ഉള്‍ക്കൊണ്ട് ഓസ്ട്രേലിയയിലെ മലയാളി വിദ്യര്‍ഥിനി രക്തം ദാനം ചെയ്തു.

വാഗവാഗയിലെ റിവേറിന ആംഗ്ളിക്കന്‍ സ്കൂള്‍ പ്ളസ്ടു വിദ്യര്‍ഥി ജീവ ഡാര്‍ലി ജോണ്‍സണ്‍ ആണ് മറ്റ് കുട്ടികള്‍ക്കും മാതൃകകാട്ടി രക്തം ദാനം ചെയ്തത്. റെഡ്ക്രോസ് സൊസൈറ്റി വക രക്ത ബാങ്കില്‍ രക്തം നല്‍കിയ ജീവ ഇവിടെ പതിവായി രക്തം നല്‍കുന്ന ഗ്രൂപ്പില്‍ അംഗം ആവുകയും ചെയ്തു.

രക്തം 'നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബോബി ചെമ്മണ്ണൂര്‍ നടത്തിയ മാരത്തോണ്‍ ആണ് രക്തദാനത്തിനു പ്രചോദനം ആയതെന്ന് ജീവ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് അദ്ദേഹം കൂട്ടയോട്ടം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ സാംസ്കാരിക നായകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിനു ആളുകള്‍ കൂട്ടയോട്ടത്തില്‍ അണിനിരന്നു. ഇതോടൊപ്പം എല്ലാ ജില്ലകളിലും രക്തദാന ക്ളബുകളും അദ്ദേഹം രൂപീകരിച്ചു.

ചെറുപ്പക്കാരായ യുവാക്കളും യുവതികളും പോലും രക്തം ദാനം ചെയ്യാന്‍ വിമുഖത കാണിക്കുന്നവരാണെന്നത് സങ്കടകരം ആണെന്ന് ജീവ പറഞ്ഞു. രക്തദാനത്തിലൂടെ മറ്റൊരാള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നു എന്നത് മാത്രമല്ല, അത് സ്വന്തം ആരോഗ്യത്തിനും ഗുണകരമാണെന്ന് ആളുകളെ ബോധവത്കരിക്കുന്നതിന് കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ രക്തദാനത്തിന് തയാറായേക്കും. കേരളത്തില്‍ പ്ളസ്ടു തലത്തില്‍ ഇതിനായി ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം.

സര്‍ക്കാരും സന്നദ്ധസംഘടനകളും പോലും ഇക്കാര്യത്തില്‍ അലസത കാണിക്കുമ്പോള്‍ ഒരു വ്യക്തി നടത്തിയ ഈബോധവത്കരണ സംരംഭം തന്നെ ആവേശം കൊള്ളിച്ചു. അടുത്ത ഡിസംബറില്‍ നാട്ടില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് അഭിനന്ദനം അറിയിക്കണമെന്ന് ആഗ്രഹമുണ്െടന്ന് ജീവ പറഞ്ഞു. ഓസ്ട്രേലിയയില്‍ പത്രപ്രവര്‍ത്തകനായ ജോണ്‍സണ്‍ മാമലശേരിയുടെ മകളാണ് ജീവ.