ഓമല്‍ മലയാളം കളരി ഉദ്ഘാടനം ചെയ്തു
Friday, May 30, 2014 7:47 AM IST
സിഡ്നി: ബാങ്ക്സ്ടൌണ്‍ മേഖലയിലെ ലയാളികളായ കുട്ടികളെ മാതൃ ഭാഷ പഠിപ്പിക്കുന്നതിനായി ഒമല്‍ മലയാളം കളരി എന്ന ഭാഷാ പഠന കേന്ദ്രത്തിനു തുടക്കമായി. പാല സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപകനും ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന കെ.ഒ ജോസഫ് നിലവിളക്ക് തെളിച്ച് കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കളരി അധ്യാപകരായ മിനി സെബി, മനോജ് സ്റീഫന്‍, സോണി സുനില്‍, റോബിന്‍ രാജു, സ്മിത ടോമി എന്നിവര്‍ ജോസഫ് സാറിനൊപ്പം ഭദ്രദീപം തെളിച്ചു.

ഒരു സമൂഹമെന്ന നിലയില്‍ ശക്തമായ കൂട്ടായ്മക്കും തലമുറകള്‍ തമ്മിലുള്ള ബന്ധത്തിനും മാതൃഭാഷ അനിഷേധ്യമായ ഘടകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.ഒ ജോസഫ് ഉദ്ബോധിപ്പിച്ചു. ഉദ്ഘാടന ദിവസം പേരു ചേര്‍ത്ത 30 കുട്ടികളേയും ജോസഫ് സാര്‍ ആദ്യാക്ഷരം കുറിപ്പിച്ചു. തുടക്കത്തില്‍ നാല് വിഭാഗങ്ങളായിട്ടാണ് കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. പേരു ചേര്‍ത്ത കുട്ടികള്‍ക്ക് പഠനോപാധികള്‍ വിതരണം ചെയ്തു. ചടങ്ങിനു ടോമി മംഗലത്തില്‍ സ്വാഗതവും സാജു തോമസ് കൃതജ്ഞതയും പറഞ്ഞു.

എല്ലാ ശനിയാഴ്ചയും രാവിലെ 10.30 മുതല്‍ 12 വരെയാണ് കളരി പ്രവര്‍ത്തിക്കുക.

റിപ്പോര്‍ട്ട്: വര്‍ഗീസ് മംഗലത്തില്‍