മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ ഫുട്ബോള്‍ കിരീടം ഡിഎന്‍ഡി കാന്‍ബറക്ക്
Tuesday, May 20, 2014 8:32 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ നേതൃത്വത്തില്‍ മെല്‍ബണില്‍ ആദ്യമായി നടന്ന 'സോക്കര്‍ 2014' ഓസ്ട്രേലിയയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറ്റവും ആവേശകരമായി മാറി.

ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിയ ടീമുകള്‍ ശക്തമായും വാശിയോടെയും നടത്തിയ കാലുകളിലെ മാന്ത്രികപ്രകടനം കാണികളെ ആവേശം കൊള്ളിച്ചു.

ഫൈനലില്‍ മെല്‍ബണിലെ പ്രശസ്ത ടീമായ ഡാംഡിനോംഗ് റോയല്‍സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കാന്‍ബറയില്‍നിന്നും എത്തിയ ഡിഎന്‍ഡി കാന്‍ബറ മലയാളി അസോസിയേഷന്‍, വിക്ടോറിയ സോക്കര്‍ 2014 ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ട്രോഫിയും കാഷ് അവാര്‍ഡും ഡാംഡിനോംഗ് റോയല്‍സ് കരസ്ഥമാക്കി.

ഫൈനല്‍ മത്സരത്തിനിടെ മെല്‍ബണിലെ ഫുട്ബോള്‍ പ്രേമികള്‍ ഗ്രൌണ്ടില്‍ പായസ വിതരണവും നടത്തി.

വൈകുന്നേരം 5.30ന് ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി.കെ മാത്യു, സ്പോര്‍ട്സ് കണ്‍വീനര്‍ ഇന്നസെന്റ്, പ്രദീഷ് മാര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഡിഎന്‍ഡി കാന്‍ബറ ടീം ക്യാപ്റ്റന്‍ ഷാജിക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.

രണ്ടാം സ്ഥാനക്കാരായ ഡാംഡിനോംഗ് റോയല്‍സിനുവേണ്ടി ക്യാപ്റ്റന്‍ രമേഷ് പിറ്റന്, അസോസിയേഷന്‍ സെക്രട്ടറി സജി മുണ്ടയ്ക്കനില്‍നിന്നും ട്രോഫിയും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ഏറ്റവും നല്ല കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം കാന്‍ബറയുടെ സുബാഷിന്, റഫറി അദ്വൈദ് ബാംഗളൂര്‍ സമ്മാനിച്ചു.

മലയാളി അസോസിയേഷന്‍ വിക്ടോറിയ ഇങ്ങനെയൊരു അവസരം ഒരുക്കിയതിന് കാന്‍ബറ ടീമിനുവേണ്ടി ക്യാപ്റ്റന്‍ ഷാജിയും ഡാംഡിനോംഗ് റോയല്‍സിനുവേണ്ടി ക്യാപ്റ്റന്‍ രമേഷും നന്ദി പറഞ്ഞു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മിറ്റി അംഗങ്ങളായ സന്തോഷ്, ഇന്നസെന്റ്, വിനോദ്, തോമസ്, ജിനോ മാത്യു, റെജികുമാര്‍, ജി.കെ മാത്യു, സജി മുണ്ടയ്ക്കല്‍, ജിബിന്‍, അഫ്സല്‍ എന്നിവര്‍ക്കും കാണികള്‍ക്കും പ്രദീഷ് മൂട്ടില്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍