മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ ഫുട്ബോള്‍ മത്സരം തുടങ്ങി
Sunday, May 11, 2014 8:26 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കിസ്ബ്രേ ഓസ്ട്രേലിയയിലെ ആദ്യ ഫുട്ബോള്‍ മത്സരത്തിനു തുടക്കം കുറിച്ചു. ഓസ്ട്രേലിയയിലെ പ്രശസ്തരായ വിവിധ ടീമുകളുടെ സാന്നിധ്യത്തില്‍ രാവിലെ 10ന് അസോസിയേഷന്‍ പ്രസിഡന്റ് ജികെ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി സജി മുണ്ടയ്ക്കന്‍ ക്യാപ്റ്റന്മാരെയും ടീം അംഗങ്ങളേയും കാണികളെയും സ്വാഗതം ചെയ്തു.

ആദ്യ മത്സരത്തില്‍ ഡാംഡിനോംഗ് റോയല്‍സും ഉദയായും തമ്മിലായിരുന്നു. മത്സരത്തില്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് റോയല്‍സ് വിജയിച്ചു.

രണ്ടാമത്തെ മത്സരത്തില്‍ ജോണി വാക്കേഴ്സ് മെല്‍ബണ്‍ ബ്രദേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

മൂന്നാമത്തെ മത്സരത്തില്‍ വെസ്റേണ് ടൈഗേഴ്സ് മറുപടിയില്ലാത്ത മൂന്നു ഗോളിന് സൂര്യ ടീമിനെ പരാജയപ്പെടുത്തി. നാലാമത്തെ മത്സരത്തില്‍ ജയ്ഹിന്ദ് ഫുട്ബോള്‍ ക്ളബും ടിംഹങിംഗും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.

മലയാളി അസോസിയേഷന്റെ സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളായ ഇന്നസെന്റ്, സന്തോഷ്, വിനോദ്, പ്രദീപ് മാര്‍ട്ടിന്‍, ജിനോ, റെജികുമാര്‍ എന്നിവരുടെ നേതൃത്വം മത്സരത്തിനുവേണ്ട എല്ലാ സൌകര്യവും ഒരുക്കി.

മെല്‍ബണില്‍ ആദ്യമായാണ് ഫുട്ബോള്‍ കളിക്കാര്‍ക്കായി ഇത്രയും വലിയ ഒരു ടൂര്‍ണമെന്റ് ഒരുക്കുന്നത്. വരം ദിവസങ്ങളില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള മലയാളി ടീമുകള്‍ പങ്കെടുക്കും.

പ്രസിഡന്റ് ജി.കെ മാത്യു, സെക്രട്ടറി സജി മുണ്ടയ്ക്കല്‍, വൈസ് പ്രസിഡന്റ് തോമസ് വാതപ്പള്ളി, ജെറി ജോണ്‍, ഗോപകുമാര്‍ എന്നിവരും എല്ലാ കാര്യങ്ങള്‍ക്കും സജീവമായിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍