ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
Tuesday, April 22, 2014 3:51 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബ് സ്പോണ്‍സര്‍ ചെയ്യുന്ന 'ഉല്ലാസതിരമാല' എന്ന മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ടേസ്റ് ഓഫ് കൊച്ചിനില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ നിര്‍വഹിച്ചു. സെക്രട്ടറി സ്കറിയ മത്തായി, വൈസ് പ്രസിഡന്റ് - ഫിനാന്‍സ് റജി ജോര്‍ജ്, സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജി തോമസ്, ജൂണിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജു പറമ്പില്‍, ജോയിന്റ് സെക്രട്ടറി രഘു നൈനാന്‍, ട്രഷറര്‍ മാത്യു ചെറുവള്ളില്‍, അക്കൌണ്ടന്റ് വര്‍ഗീസ് ജോണ്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കുംവേണ്ടി സാമ്പത്തിക അടിത്തറയുണ്ടാക്കുക എന്ന ലക്ഷ്യവും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഹൃദ്യമായ ഈ കലാവിരുന്ന് വിജയിപ്പിക്കുവാന്‍ എല്ലാ മലയാളികളും സുഹൃത്തുക്കളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ഉത്ബോധിപ്പിച്ചു.

ശുദ്ധ സംഗീതവും, നൃത്തനൃത്യങ്ങളും, ഹാസ്യവും കോര്‍ത്തിണക്കിയ ഉല്ലാസ തിരമാല 2014 ആസ്വദിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ട്രഷറര്‍ മാത്യു ചെറുവള്ളില്‍ അറിയിച്ചു. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം