ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് എസ്എംസിസി സാമ്പത്തിക സംഭാവന നല്‍കി
Saturday, April 19, 2014 3:35 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (നോര്‍ത്ത് അമേരിക്ക) ഷിക്കാഗോ രൂപതയുടെ സെമിനാരി ഫണ്ടിലേക്ക് സാമ്പത്തിക സഹായം നല്‍കി.

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) നാഷണല്‍ കണ്‍വെന്‍ഷനില്‍ നിന്നും മിച്ചം വന്ന തുകയുടെ മൂന്നിലൊന്നും രൂപതയുടെ സെമിനാരി ഫണ്ടിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ് എസ്.എം.സി.സി എല്ലാ അത്മായ സംഘടനകള്‍ക്കും മാതൃകയായത്. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തില്‍ നിന്നും ദൈവവിളി പ്രോത്സാഹിപ്പിക്കാനും, വരുംതലമുറയുടെ പൌരോഹിത്യ ശുശ്രൂഷകള്‍ക്കായി വൈദീകരെ ഇവിടെനിന്നുതന്നെ വാര്‍ത്തെടുക്കുന്നതിനുമായാണ് അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഷിക്കാഗോ രൂപതയില്‍ സെമിനാരി ഫണ്ട് രൂപൂകരിച്ചത്.

മാര്‍ച്ച് 29ന് നടന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പാസ്ററല്‍ കൌണ്‍സില്‍ മീറ്റിംഗിലാണ്, എസ്.എം.സി.സിയുടെ ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന് തുക കൈമാറിയത്. എസ്.എം.സി.സി ഡയറക്ടര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത്, വികാരി ജനറാള്‍ ഫാ. തോമസ് മുഴവനാല്‍, ഫാ. പോള്‍ ചാലിശേരി, എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്‍, വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ബോര്‍ഡ് മെമ്പര്‍ കുര്യാക്കോസ് ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രസിഡന്റ് സിറിയക് കുര്യന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ആദ്ധ്യാത്മിക സാമൂഹ്യ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് രൂപതയുടെ വളര്‍ച്ചയ്ക്കായുള്ള എസ്.എം.സി.സിയുടെ ഉദ്യമങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സംതൃപ്തി അറിയിക്കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. എസ്.എം.സി.സി പി.ആര്‍.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം