ഗീതാമണ്ഡലത്തിന്റെ വിഷു ആഘോഷം ഏപ്രില്‍ 19-ന്
Monday, April 14, 2014 8:36 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ ഹിന്ദു സംഘടനയായ ഗീതാമണ്ഡലം 'കണികാണും നേരം 2014' എന്ന പേരില്‍ വിവിധ പരിപാടികളോടെ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഡീ റോഡിലുള്ള അപ്പോളോ സ്കൂളില്‍ ഏപ്രില്‍ 19-ന് വൈകിട്ട് 5.30-ന് ഭജനയോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളില്‍ കണികാണല്‍, വിഷുക്കൈനീട്ടം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്റ് ജയ് ചന്ദ്രന്റെ പ്രത്യേക വിഷു സന്ദേശത്തിനുശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പകലും രാത്രിയും സമമാകുന്ന ദിനം എന്നാണ് വിഷു എന്ന പദത്തിന് അര്‍ത്ഥം. ശ്രീകൃഷ്ണ ബിംബം ഒരുക്കിവച്ച് അതിനു മുന്നില്‍ ഭഗവാന്റെ മുഖാവയവങ്ങളുടെ സങ്കല്‍പ്പത്തില്‍ മംഗളപ്രദങ്ങളായ ദ്രവ്യങ്ങള്‍ വയ്ക്കുന്നു. കിരീടമായി കണിക്കൊന്നപ്പൂവും, മുഖമായി സുവര്‍ണ നിറമുള്ള ഫലങ്ങളും (വെള്ളരിക്ക), കണ്ണായി തിരിയിട്ടു കൊളുത്തിവച്ച നിലവിളക്കും, വാക്കുകളായി ഗ്രന്ഥവും, അലങ്കാരമായി സ്വര്‍ണാഭരണങ്ങളും മനസായി ദര്‍പ്പണവും, ചാര്‍ത്തുന്നതിനായി കസവു വസ്ത്രങ്ങളും പ്രപഞ്ചസ്വരൂപമായി കല്‍പിച്ച് ഒരു സുവര്‍ണ തളികയില്‍ ഒരുക്കിവച്ച് കണികാണുന്നു. എട്ടു ദ്രവ്യങ്ങളും അഷ്ടൈശ്വര്യങ്ങളുടെ പ്രതീകമാണ്.

മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുന്നത് ദാനത്തിന്റെ സ്വരൂപമാണ്. ഇളയവര്‍ക്ക് ആ വര്‍ഷം ധനധന്യാദി ലാഭം ഉണ്ടാക്കുവാനാണത്. അതായത് ലക്ഷ്മീദേവിയെ ആദരിക്കലാണ് വിഷുകൈനീട്ടത്തിലൂടെ നടക്കുന്നത്.

ഇതിലെ ശാസ്ത്രീയത ഇപ്രകാരമാണ്. തമോഗുണങ്ങളടങ്ങിയ ഇരുട്ടില്‍ നിന്നും പൂര്‍ണമായി വിമുക്തമാകുകയും അതോടൊപ്പം തേജോമയമായ ദൃശ്യങ്ങള്‍ കണ്ട് മനസിനും ശരീരത്തിനും ആഹ്ളാദം പകരുകയും ചെയ്യുക എന്ന പ്രക്രിയയാണ് വിഷുക്കണി കൊണ്ട് സൂചിപ്പിക്കുന്നത്. വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. അതുകൊണ്ടു തന്നെയാവണം വിളവെടുപ്പിന്റെ പ്രതീകമായി വിളകളും കണികാണുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം