ഓക്ലാന്‍ഡിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Wednesday, April 9, 2014 5:53 AM IST
ഓക്ലാന്‍ഡ്: സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓക് ലാന്‍ഡിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

ഏപ്രില്‍ 11ന് വൈകുന്നേരം ഏഴിന് കുര്‍ബാന തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും.

ഓശാന ഞായാറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30ന് മാതാവിന്റെ ഗ്രോട്ടോയില്‍ കുരുത്തോലകള്‍ വെഞ്ചരിക്കുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണവും ആഘോഷമായ പാട്ടുകുര്‍ബാനയും നടക്കും.

പെസഹാ വ്യാഴാഴ്ചത്തെ ചടങ്ങുകള്‍ 17ന് രാത്രി ഒമ്പതിന് കാല്‍കഴുകല്‍ ശുശ്രൂഷയോടെ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. രാത്രി 11 മുതല്‍ 12 വരെ ആരാധനയും ഉണ്ടായിരിക്കും.

ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയ്ക്കുശേഷം പരിഹാര പ്രദക്ഷിണം, തുടര്‍ന്ന് കുരിശു ചുംബനത്തിനുശേഷം നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഒന്നോടെ ചടങ്ങുകള്‍ സമാപിക്കും.

ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിന് വി. കുര്‍ബാനമധ്യേ വെള്ളവും തിരിയും ആശീര്‍വദിക്കും. തുടര്‍ന്ന് മാമോദീസ വൃത നവീകരണം നടത്തും.

ഈസ്റര്‍ ഞായറാഴ്ചത്തെ ശുശ്രൂഷകള്‍ രാത്രി 10ന് ഉയിര്‍പ്പു ശുശ്രൂഷയോടെ ആരംഭിക്കും. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

എല്ലാ ചടങ്ങുകളും എല്ലസ്പി കാത്തലിക് പള്ളിയിലാണ് നടത്തുക. ദിവ്യരക്ഷക സഭയുടെ കേരള റീജിയണല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോയി പൂണോലി, മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര, അസി. ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍