ഫാ. മാത്യു കണയിങ്കലിന് യാത്രയയപ്പ് നല്‍കി
Tuesday, March 18, 2014 8:05 AM IST
മെല്‍ബണ്‍: നാരേവാറന്‍ കാത്തലിക് പള്ളിയില്‍ ആദ്യമായി മലയാളം കുര്‍ബാന പൊതുജനങ്ങള്‍ക്കായി തുടങ്ങുകയും തുടര്‍ന്ന് ആറുവര്‍ഷമായി അത് നിലനിര്‍ത്തിപ്പോരുകയും ചെയ്ത മലയാളി സമൂഹം ഫാ. മാത്യു കണയിങ്കലിന് മലയാളി കൂട്ടായ്മയുടെ പേരില്‍ യാത്രയയപ്പ് നല്‍കി.

മലയാളി സമൂഹത്തിനായി ആരംഭിച്ച മലയാളം കുര്‍ബാന ഇപ്പോള്‍ ഈ പ്രദേശത്തെ മുഴുവന്‍ മലയാളുകളുടെയും ഒത്തൊരുമയുടെ പ്രതീകമായി മാറിയതിന് തെളിവാണ് മലയാളി സമൂഹം ഞായറാഴ്ച മലയാളം കുര്‍ബാനക്കുശേഷം പാരിഷ് ഹാളില്‍ ഫാ. മാത്യുവിനെ ആദരിച്ചത്.

ആറു വൈദികര്‍ പങ്കെടുത്ത സമൂഹബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ റവ. ഫാ. ജിനേഷ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നാരേവാറന്‍ പള്ളി വികാരി റവ. ഫാ. ബ്രണ്ടന്‍ ഹോഗന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. റവ. ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ, റവ. ഫാ. ഷിജു സേവ്യര്‍, പാരിഷ് സെക്രട്ടറി സൂസി എമിലി എന്നിവര്‍ പ്രസംഗിച്ചു. നാരേവാറന്‍ മലയാളി കൂട്ടയ്മക്കുവേണ്ടി പൊതുപ്രവര്‍ത്തകനായ ജോസ് എം. ജോര്‍ജ് നാളിതുവരെയുള്ള ഫാ. മാത്യു കണയിങ്കലിന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

വളരെ ചെറിയ തോതില്‍ തുടങ്ങിയ മലയാളം കുര്‍ബാനയുടെ തനിമയെ പിന്‍തുടര്‍ച്ചക്കാര്‍ നിലനിര്‍ത്തിയതില്‍ സന്തോഷമുണ്െടന്ന് ഫാ. മാത്യു കണയിങ്കല്‍ തന്റെ നന്ദി പ്രസംഗത്തില്‍ ഓര്‍മിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഓസ്ട്രേലിയയില്‍ ജനങ്ങള്‍ നല്‍കി വന്ന പിന്തുണയില്‍ വൈദീകര്‍ സന്തോഷം പ്രകടിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കി ചടങ്ങ് പരിപോഷിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഫാ. സാബു ആടിമാക്കന്‍ നന്ദി പറഞ്ഞു.