മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനമേല്‍ക്കല്‍ 25ന്
Friday, March 14, 2014 2:13 AM IST
കൊച്ചി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനമേറ്റെടുക്കല്‍ മാര്‍ച്ച് 25ന് നടക്കും. ഈസ്റ് മെല്‍ബണിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ വൈകുന്നേരം ഏഴിനാണു (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന്) ശുശ്രൂഷകള്‍ തുടങ്ങുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡോ.ഡെന്നിസ് ഹാര്‍ട്ട് ചടങ്ങില്‍ സ്വാഗതം ആശംസിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.പോള്‍ ഗാലഗര്‍ മെത്രാന്‍ നിയമനം സംബന്ധിച്ച മാര്‍പാപ്പയുടെ കല്പന വായിക്കും. സ്ഥാനാരോഹണത്തെത്തുടര്‍ന്നുള്ള ദിവ്യബലിയില്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വചനസന്ദേശം നല്‍കും.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ പോള്‍ ആലപ്പാട്ട്, ഡോ. പോള്‍ മയ്പാന്‍ എന്നിവരും ഓസ്ട്രേലിയയിലെ 27 മെത്രാന്മാരും വൈദികരും രണ്ടായിരത്തോളം സീറോ മലബാര്‍ സഭാ വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുക്കും.

ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഇന്നു പുലര്‍ച്ചെ ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടു. സ്ഥാനമൊഴിയുന്ന സിഡ്നി ആര്‍ച്ച്ബിഷപ്പും വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ടുമായ കര്‍ദിനാള്‍ ഡോ. ജോര്‍ജ് പെലുമായി നാളെ അദ്ദേഹം കൂടിക്കാഴ്ച നടത്തും. മെല്‍ബണിലെ മിഖലേമിലാണു പുതിയ രൂപതയുടെ ആസ്ഥാനം. ന്യൂസിലന്‍ഡിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലയും മാര്‍ ബോസ്കോ പുത്തൂര്‍ ഏറ്റെടുക്കും.