സംഗീതനൃത്ത വിസ്മയം തീര്‍ത്ത് 'സ്വരാഞ്ജലി 2014' അരങ്ങേറി
Tuesday, March 4, 2014 4:53 AM IST
സിഡ്നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഭാഗമായ സെന്റ് തോമസ് ആര്‍ട്സ് ആന്‍ഡ് റിക്രിയേഷണല്‍ ക്ളബ് (ടഠഅഞഇ) അണിയിച്ചൊരുക്കിയ സംഗീതനൃത്ത സന്ധ്യ 'സ്വരാഞ്ജലി 2014' സിഡ്നി മലയാളികള്‍ക്ക് തികച്ചും പുതുമയാര്‍ന്ന അനുഭവമായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുതായി പണിയുന്ന സണ്‍ഡേ സ്കൂള്‍ ഹാളിന്റെ ധനശേഖരണാര്‍ഥം നടത്തിയ പരിപാടി ആസ്വാദകരുടെ നിറസാന്നിധ്യവും ആവേശവും കൊണ്ട് അവിസ്മരണീയമായി തീര്‍ന്നു.

മാര്‍ച്ച് ഒന്നിന് (ശനി) വൈകുന്നേരം ആറു മുതല്‍ സിഡ്നി സില്‍വര്‍ വാട്ടറിലുള്ള ബഹായ് സെന്ററിലാണ് പരിപാടി അവതരിപ്പിച്ചത്. മുഖ്യാഥിതിയായ മിസ് മെലനി ഗിബ്ബോന്‍സ് (ആക്ടിംഗ് സ്പീക്കര്‍ ആന്‍ഡ് മനൊയി എംപി) വിളക്ക് തെളിച്ച് 'സ്വരാഞ്ജലി 2014' ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. തോമസ് വര്‍ഗീസ് ചടങ്ങിനു സ്വാഗതം ആശംസിക്കുകയും പ്രോഗ്രാമിന്റെ ഉദ്ദേശ്യത്തേയും നടത്തിപ്പിനേയും പറ്റി ആമുഖമായി സൂചിപ്പിക്കുകയും ചെയ്തു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പള്ളിയുടെ മിക്ക പരിപാടികളിലും താന്‍ പങ്കെടുക്കുന്നതെന്ന് ആശംസാപ്രസംഗത്തില്‍ പറഞ്ഞ മുഖ്യാഥിതി സ്വരാഞ്ജലിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

സഹോദരി സഭകളിലെ വികാരിമാരായ റവ. മാത്യുസ് എ. മാത്യു, ഫാ.തോമസ് കുറുന്താനം, റവ.ഫാ. ബാബു കുര്യന്‍, ഫാ.ജോര്‍ജ് അക്കരമറ്റം, സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജോസ്, മലയാളി സമൂഹത്തിലെ സീനിയര്‍ മെംബര്‍ കെ.രാമന്‍ തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് 'സ്വരാഞ്ജലി' യെ സമ്പന്നമാക്കി.

സിഡ്നിയിലെ പ്രശസ്തരായ നര്‍ത്തകരുടെ ക്ളാസിക്കല്‍, കണ്ടംപററി നൃത്തരൂപങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു. തികച്ചും വ്യത്യസ്തമായതും പുതുമകള്‍ നിറഞ്ഞതുമായ നൃത്തങ്ങളാണ് കലാകാരികള്‍ വേദിയില്‍ അവതരിപ്പിച്ചത്. ഹിന്ദി, മലയാളം, തമിഴ് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് 'ദര്‍ശന ആര്‍ട്സ്' അവതരിപ്പിച്ച ഗാനമേള ആസ്വാദകരുടെ മനംകവര്‍ന്നു. മലയാളികള്‍ എന്നെന്നും മധുര സ്മരണകളോടെ ഓര്‍മിക്കുന്ന ഒരു കലാസായാഹ്നമായി സ്വരാഞ്ജലി മാറി.

സിഡ്നിയിലെ വിവിധ മലയാളി കൂട്ടായ്മകളുടേയും സഹോദരി ഇടവകളുടെയും അംഗങ്ങള്‍ പരിപാടികള്‍ ആസ്വദിക്കുവാനായി എത്തിയിരുന്നു. കൂടാതെ സമീപ പ്രദേശങ്ങളായ കാന്‍ബറ, ഗോസ്ഫോര്‍ഡ്,ന്യൂകാസ്റില്‍, വുള്ളന്‍ഗൊങ്ങ്,ഓറഞ്ച്, വാഗ വാഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കാനായി എത്തിയിരുന്നു. പരിപാടി സ്പോണ്‍സര്‍ ചെയ്തും പരസ്യങ്ങള്‍ നല്‍കിയും നിരവധി സ്ഥാപനങ്ങള്‍ 'സ്വരാഞ്ജലി 2014' ഒരു വന്‍ വിജയമാക്കി തീര്‍ത്തു.

സ്വരാഞ്ജലിയുടെ ചീഫ് കോഓര്‍ഡിനേറ്റര്‍ ഉഷ മാത്യു ചടങ്ങിനു കൃതഞ്ജത അര്‍പ്പിക്കുകയും പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സെന്റ് തോമസ് ആര്‍ട്സ് ആന്‍ഡ് റിക്രിയേഷണല്‍ ക്ളബ് അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും മികച്ച ക്രമീകരണങ്ങളും പരിപാടിയില്‍ ഉടനീളം ദൃശ്യമായിരുന്നു. സ്വരാഞ്ജലി പോലുള്ള മികച്ച പരിപാടികള്‍ തുടര്‍ന്നും ടഠഅഞഇ ല്‍ നിന്ന് സിഡ്നി മലയാളികള്‍ക്ക് പ്രതീക്ഷിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്