വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Friday, February 28, 2014 10:18 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് റീജിയണിന്റെ നേതൃത്വത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ളീഹായുടെയും സംയുക്ത തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

തിരുനാളിനൊരുക്കമായി വി.അല്‍ഫോന്‍സാമ്മയുടെ നൊവേന ഫെബ്രുവരി 14 ന് മിക്കലമിലെ ചാപ്പലില്‍ ആരംഭിച്ചു. 22 ന് (ശനി) വൈകുന്നേരം 4.30ന് എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ ഫാ. ജോര്‍ജ് മൂഞ്ഞേലിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ. പീറ്റര്‍ കാവുംപുറം, ഫാ.ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മെല്‍ബണിലെ വിവിധ റീജിയണുകളില്‍ നിന്നായി ആയിരത്തോളം പേര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സ്നേഹവിരുന്നിനുശേഷം നോര്‍ത്ത് റീജിയണിലെ 10 ഫാമിലി യൂണിറ്റുകള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ വ്യത്യസ്തത കൊണ്ടും അവതരണ മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി. മികച്ച പ്രകടനം കാഴ്ചവച്ച് സെന്റ് ജോണ്‍ വാര്‍ഡ് ഹൈഡെല്‍ബര്‍ഗ് ഒന്നാം സ്ഥാനവും സെന്റ് ആന്റ്ണീസ് വാര്‍ഡ് മില്‍പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.

23 ന് (ഞായര്‍) ക്രയ്കിബേണ്‍ ഔര്‍ ലേഡീസ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. താമരശേരി രൂപത വികാരി ജനറാളും മെല്‍ബണിലെ മുന്‍ ചാപ്ളെയിനുമായ ഫാ.ജോണ്‍ അറവുംകര, മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, ഫാ.ജോര്‍ജ് മൂഞ്ഞേലി, ഫാ.ടോമി കളത്തൂര്‍, ഫാ.ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാശ്ളീഹായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു നടന്ന പ്രദക്ഷിണത്തിന് വെസ്റ് റീജിയന്റെ ചെണ്ടമേളവും മാള്‍ട്ടീസ് കമ്യൂണിറ്റിയുടെ ബാന്‍ഡ് മേളവും മുത്തുക്കുടകളും അകമ്പടി സേവിച്ചു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു കഴിച്ച 36 പ്രസുദേന്തിമാര്‍ തലയില്‍ കിരീടവും കൈയില്‍ തിരികളുമായി പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ഹൃദ്യമായ കാഴ്ചയായി. ഏറ്റവും പുറകില്‍ പാലിയവും വഹിച്ച് ഫാ.ജോണ്‍ അറവുംകരയും മറ്റു വൈദികരും അണിനിരന്നു. പ്രദക്ഷിണം പള്ളിയില്‍ എത്തി ചേര്‍ന്ന് അവസാന ആശീര്‍വാദത്തിനുശേഷം റമീജിയൂസ് പിതാവ് എല്ലാ പ്രസുദേന്തിമാര്‍ക്കും മൊമന്റോയും കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും വിതരണം ചെയ്തു.

അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് കഴിക്കുന്ന 50 പേരെ ഫാ.പീറ്റര്‍ കാവുംപുറം പ്രസുദേന്തിമാരായി വാഴിച്ചു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പായസ വിതരണവും ലേലവും നടന്നു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനാരോഹണത്തിന് ഒരുങ്ങുന്ന മെല്‍ബണിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനും ഒത്തൊരുമയ്ക്കുമുള്ള വേദിയായി മാറിയ ഈ തിരുനാള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍