മെല്‍ബണില്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് അംഗീകാരം
Monday, February 10, 2014 9:43 AM IST
മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ കാത്തലിക് സ്കൂളുകളില്‍ മലയാളി പെണ്‍കുട്ടികള്‍ സ്കൂള്‍ ക്യാപ്റ്റന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മെല്‍ബണിലെ ഡാന്റിനോഗ് സെന്റ് ജറാള്‍ഡ് കാത്തലിക് പ്രൈമറി സ്കൂളിലെ ക്യാപ്റ്റനായി 2014 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ടീസ ജോസാണ്. സീറോ മലബാര്‍ ചര്‍ച്ചിന്റെ സൌത്ത് ഈസ്റ്റ് റീജിയന്‍ പാരിഷ് കൌണ്‍സിലിന്റെ സെക്രട്ടറികൂടിയായ സന്തോഷ് ജോസിന്റെയും ട്രീസ ജോസിന്റെയും ഇളയ പുത്രിയാണ് ടീസ ജോസ്.

മെല്‍ബണിലെ പ്രശസ്തമായ മറ്റൊരു കാത്തലിക് കോളജായ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് കോളജ് ഓക്കലിയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് ഷെറില്‍ ജോര്‍ജ് ആണ്. സൌത്ത് ആഫ്രിക്കയില്‍ നിന്നും മെല്‍ബണിലേക്ക് കുടിയേറിയ ജോര്‍ജ് തോമസിന്റെയും അനിത ജോര്‍ജിന്റെയും മകള്‍ ആണ് ഷെറില്‍ ജോര്‍ജ്. വിക്ടോറിയ സംസ്ഥാനത്തെ ബാഡ്മിന്റണ്‍ ടീമില്‍ ഇടം നേടിയ ഷെറില്‍ ജോര്‍ജ് പ്രസംഗ മത്സരങ്ങളിലും ഡിബേറ്റുകളിലും കോളജില്‍ മികവ് പുലര്‍ത്തുന്നു.

മെല്‍ബണിലെ സ്കോര്‍ഷി സെന്റ് ജൂഡ് അപ്പസ്തോലിക് സ്കൂളിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത് കാവ്യാ വര്‍ഗീസാണ്. സൌത്ത് ആഫ്രിക്കയില്‍ നിന്നും മെല്‍ബണില്‍ കുടിയേറി അധ്യാപകരംഗത്ത് നിന്നും ബിസിനസ് രംഗത്തേക്ക് ചുവടുമാറ്റിയ വര്‍ഗീസ് പൈനാടത്തിന്റേയും അധ്യാപികയായ ഷൈലാ പൈനാടത്തിന്റേയും ഇളയ മകളാണ് കാവ്യാ വര്‍ഗീസ്. നല്ലൊരു ഗായികയും നര്‍ത്തകിയുമായ കാവ്യക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മെല്‍ബണിലെ മലയാളി കള്‍ച്ചറല്‍ പരിപാടികളില്‍ കാവ്യാ വര്‍ഗീസ് നിറസാന്നിധ്യമാണ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍