ബിറ്റു തോമസിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി
Monday, February 10, 2014 9:39 AM IST
മെല്‍ബണ്‍: കഴിഞ്ഞ പത്തു വര്‍ഷക്കാലം മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്ന ബിറ്റു തോമസിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

മെല്‍ബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക്കിലെ ക്നാനായ കൂട്ടായ്മയാണ് ബിറ്റുവിന് യാത്രയയപ്പ് നല്‍കിയത്. മെല്‍ബണിലെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് ബ്രിസ്ബനിലേക്ക് ബിറ്റു തോമസും കുടുംബവും കുടിയേറ്റം നടത്തിയത്. ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയായുടെ സജീവാംഗവും ബെറിക് അയല്‍ക്കൂട്ടത്തിന്റെയും ബെറിക് പ്രാര്‍ഥനാ ഗ്രൂപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ ബിറ്റു തോമസ് സജീവമായിരുന്നു. കൂടാതെ സ്മാര്‍ട്ട്ലെയ്സ്, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് ബിറ്റു തോമസ്.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ആദ്യമായി മെല്‍ബണില്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് കരുത്ത് തെളിയിച്ച വ്യക്തിയായിരുന്നു ബിറ്റു തോമസ്. ശാന്ത സ്വഭാവവും ആത്മാര്‍ഥതയും കൈമുതല്‍ ആയുള്ള ബിറ്റു തോമസ് മെയില്‍ നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.

ബെറിക്കിലെ ക്നാനായ കൂട്ടായ്മയില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ബിജിമോന്‍ തോമസ്, സൈമണ്‍ തോമസ് വേളുപറമ്പില്‍, ജോസഫ് വരിക്കമാന്‍ തൊട്ടി, ടോമി നെടുംതുരുത്തി, റെജി മോനിപ്പള്ളി, ടോമി നിരപ്പേല്‍, ഷാജി കൊച്ചുവേലിക്കകം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിറ്റു തോമസ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബെറിക് ക്നാനായ കൂട്ടായ്മയുടെ സ്നേഹോപഹാരം ബിറ്റു തോമസിന് നല്‍കി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍